കോട്ടയം: വ്യാജ ട്രേഡിങ് ആപ്പിലൂടെ നിക്ഷേപിച്ച 3 കോടി രൂപ നഷ്ടമായ കോട്ടയം സ്വദേശിയായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ എറണാകുളം തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി എരൂരിലെ മകളുടെ വീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുൻപാണ് 'യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പ് വഴി രാജൻ നമ്പൂതിരിക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായത്. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ പണം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ രാജന്‍ നമ്പൂതിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്‌മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രാജൻ നമ്പൂതിരിയെന്ന് ബന്ധുക്കൾ പറഞ്ഞു. സ്റ്റോക്ക് മാര്‍ക്കറ്റിലും ട്രേഡിംഗിലുമെല്ലാം താല്‍പ്പര്യമുണ്ടായിരുന്ന രാജന്‍ നമ്പൂതിരി മറ്റ് പല ഓണ്‍ലൈന്‍ ട്രേഡിംഗുകളും ചെയ്യുന്നുണ്ടായിരുന്നു. സൈബർ പോലീസിൽ പരാതി നൽകിയ ശേഷം 13.5 ലക്ഷം രൂപ കോട്ടയം സൈബർ പോലീസ് മരവിപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ തുക അടുത്തയാഴ്ച തിരികെ ലഭിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ ഇന്ദിര (റിട്ട. ബിഎസ്എൻഎൽ), മക്കൾ സുകന്യ, സുജിത്ത്. മരുമകൻ ശ്രീനാഥ്.

