കോട്ടയം: കോട്ടയത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാർ(45) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നയ്ക്കൽ ചുങ്കത്ത് ഭാഗത്താണ് അപകടം ഉണ്ടായത്. ഗോപകുമാറും സുഹൃത്തുക്കളും കൂടി ആറ്റിൽ കുളിക്കാനായി എത്തിയതായിരുന്നു. പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് ഇവർ നീന്തുകയായിരുന്നു. മടങ്ങിയെത്തുന്നതിനിടെ ഗോപകുമാറിനെ ആറ്റിൽ കാണാതാകുകയായിരുന്നു. വിവരം നാട്ടുകാരെ അറിയിച്ചതോടെ അഗ്നി രക്ഷാ സേനാ സംഘത്തെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സ്കൂബ സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് കൊടൂരാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

