“എന്റെ അമ്മൂമ്മ കോട്ടയംകാരിയാണ്!”; ചിത്രത്തിന്റെ പ്രമോഷനിടെ പൃഥ്വിയെയും മഹേഷ് ബാബുവിനെയും ഞെട്ടിച്ച് പ്രിയങ്ക ചോപ്ര, ഹോളിവുഡ് ഇന്റര്‍വ്യുവിലും താരമായി


ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ വാക്കുകളിൽ ഹോളിവുഡ് ഇന്റര്‍വ്യുവിലും താരമായി നമ്മുടെ കോട്ടയം.

 

 മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘വാരാണസി’യുമായി ബന്ധപ്പെട്ടു ഒരു ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി പ്രിയങ്ക ചോപ്രയുടെ ‘കോട്ടയം കണക്ഷൻ’ വെളിപ്പെടുത്തിയത്. ആയോധനകലയോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. സിനിമയിലെ തന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തയ്യാറാകാന്‍ ആറുമാസത്തോളം കളര അഭ്യസിച്ചിരുന്നുവെന്ന് മഹേഷ് ബാബു പറഞ്ഞു. പൃഥ്വിരാജിനെ ചൂണ്ടി ഇദ്ദേഹത്തിന് അറിയുമായിരിക്കും, അത് കേരളത്തില്‍ നിന്നുള്ള ആയോധന കലയാണ് നിങ്ങളുടെ നാട്ടിലുള്ളതാണെന്നു പൃഥ്വിരാജിനെ ചൂടിക്കാട്ടി മഹേഷ് ബാബു പറയുകയായിരുന്നു. ഇതിനിടെയാണ് തനിക്കും കളരി അറിയാമെന്നും അത് എന്റെ കൂടി നാടിന്റെ കലയാണെന്നുമാണ് പ്രിയങ്ക പറഞ്ഞത്. എന്റെ അമ്മൂമ്മ കോട്ടയം കാരിയാണ്!’’ എന്ന പ്രിയങ്കയുടെ മറുപടി കേട്ട് പൃഥ്വിയും മഹേഷും അക്ഷരാ‌ർത്ഥത്തിൽ ഞെട്ടിപ്പോയി. നേരത്തെയും പ്രിയങ്ക ചോപ്ര തന്റെ കേരളത്തിലെയും കോട്ടയത്തെയും തന്റെ വേരുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കോട്ടയത്ത് വന്നതിന്റെ ചിത്രങ്ങളും താരം മുൻപ് പങ്കുവെച്ചിരുന്നു.പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അമ്മ മധു അഖൗരി ജ്യോത്സന കോട്ടയം കുമരകത്തെ കവളപ്പാറ കുടുംബത്തിലാമ് ജനിച്ചത്. നഴ്‌സായി ബിഹാറിലെത്തിയ ശേഷമാണ് മധുവിന്റെ അച്ഛന്‍ ഡോക്ടര്‍ അഖൗരിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. 2016 ല്‍ അന്തരിച്ചപ്പോള്‍ പ്രിയങ്ക ചോപ്ര കേരളത്തിലെത്തിയിരുന്നു. കോട്ടയത്തെ പള്ളിയിലായിരുന്നു അവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്.