കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റെന്ന ആവശ്യത്തിൽനിന്ന് പിന്നാക്കം പോകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോൺഗ്രസ്സ് സീറ്റുകൾ തിരിച്ചെടുക്കുന്നു എന്ന വിവരങ്ങൾക്ക് പിന്നാലെ ഇന്നലെ കോട്ടയത്ത് കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതി ചേർന്നിരുന്നു. കേരള കോൺഗ്രസിന് ജയസാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നാല് സീറ്റുകൾ ഏറ്റെടുക്കാനും ചിലത് വെച്ചുമാറാനുമായിരുന്നു കോൺഗ്രസിന്റെ നീക്കം.

ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് നോട്ടമിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതകൾ മുന്നിൽക്കണ്ട് കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിന്റെ സീറ്റുകളിൽ പലതും കോൺഗ്രസ്സ് തിരിച്ചെടുത്തേക്കുമെന്ന സൂചന നിലനിൽക്കുന്നതിനിടെ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്നലെ കോട്ടയത്ത് ചേർന്നത്. കഴിഞ്ഞതവണ 93 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത് എന്നും മുസ്ലീംലീഗിന് കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ കൊടുക്കാമെങ്കിൽ തങ്ങൾക്കും അവകാശമുണ്ടെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ ജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. തങ്ങൾക്ക് എല്ലാ മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ ഉണ്ടെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനുമായി ഉന്നതാധികാര സമിതി യോഗം പാർട്ടി ചെയർമാൻ പി ജെ ജോസഫിനെ ചുമതലപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസിന് നൽകിയപ്പോൾ തന്നെ നിയമസഭ തെരഞ്ഞെടുപ്പിൽ ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന ധാരണയുണ്ടായിരുന്നു വെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഉഭയകക്ഷി ചർച്ചയിലൂടെ സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. ഇരു പാർട്ടികളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നാൽ സീറ്റ് വിഭജനം യുഡിഎഫിന് തലവേദനയാവും. ആവശ്യമെങ്കിൽ സീറ്റ് വച്ചുമാറാം എന്നും തൊടുപുഴയിലും കടുത്തുരുത്തിയിലും സിറ്റിംഗ് എം എൽ എ മാറി തന്നെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. യോഗത്തിൽ അപു ജോസഫ്, നേതാക്കളായ പി സി തോമസ്, മോൻസ് ജോസഫ്, ഫ്രാൻസീസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

