കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന പത്ത് സീറ്റുകളിലും മത്സരിക്കണമെന്ന ആവശ്യം യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും സീറ്റ് ചർച്ചകൾ നിലവിൽ ആശാവഹമായിട്ടാണ് യുഡിഎഫിൽ പുരോഗമിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിക്കാത്ത വിഷയത്തിൽ വരുന്ന ചർച്ചകൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കടുത്തുരുത്തി എംഎൽഎയും കേരള കോൺഗ്രസ്(ജെ) പാർട്ടി എക്‌സിക്യൂട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.

"കോട്ടയം ഡിസിസിയോ കോൺഗ്രസ് നേതാക്കന്മാരോ കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് എവിടെയെങ്കിലും പ്രതികരിച്ചിട്ടുണ്ടോ? ഈ നിമിഷം വരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും ഒരു പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിക്കും. സ്വാഭാവികമായും സീറ്റ് ലഭിക്കാൻ ശ്രമിക്കും ഇതെല്ലാം ജനാധിപത്യത്തിൻ്റെ ഭാഗമാണ്", മോൻസ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിൻ്റെ വിജയത്തിന് വേണ്ടി കേരള കോൺഗ്രസിന് എല്ലാ സീറ്റിലും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ 93 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത് എന്നും മുസ്ലീംലീഗിന് കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ കൊടുക്കാമെങ്കിൽ തങ്ങൾക്കും അവകാശമുണ്ടെന്നും കേരളാ കോൺഗ്രസ്സ് ഉന്നതാധികാര യോഗത്തിൽ നേതാക്കൾ പറഞ്ഞു.

