കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാപ്പാട് ഗവണ്മെന്റ് സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കാർ വാങ്ങാൻ എത്തിയവർ ഓടിച്ചു നോക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഇ സമയം കാറിനുള്ളിൽ 5 പേരുണ്ടായിരുന്നു. തിടനാട് സ്വദേശി സെബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. കാർ പൂർണമായും അഗ്നിക്കിരയായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വാഹനം ഓടിക്കുന്നതിനിടെ കാറിന്റെ ആക്സിലറേറ്റർ ജാം ആകുകയും കാറിന്റെ മുൻഭാഗത്ത് നിന്നും തീയും പുകയും പടരുകയുമായിരുന്നു. തീ പടർന്നതോടെ കാർ റോഡിന്റെ സൈഡിലേക്ക് നിർത്തി ആളുകൾ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

