നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയത്തിൽ വനിതകൾക്ക് പ്രാധാന്യം നൽകാതെ മൂന്നു മുന്നണികളും, ഇതുവരെ കേട്ടത് 2 പേരുടെ പേരുകൾ മാത്രം.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മണ്ഡലങ്ങളിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതെ മുന്നണികൾ. പ്രാഥമിക സ്ഥാനാർഥി പട്ടികകളിൽ പോലും വനിതകളുടെ പേരുകൾ കേൾക്കാനില്ല. ചിലയിടങ്ങളിൽ വനിതകളുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

 

 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്നും നിയമസഭയിലെത്തിയത് ഒരേയൊരു വനിതാ മാത്രമാണ്. വൈക്കത്തു നിന്നും വിജയിച്ച സി കെ ആശയായിരുന്നു അത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സി കെ ആശ ഇത്തവണയും മത്സരിച്ചേക്കും. വൈക്കത്ത് ആശയെ തന്നെ മത്സരിപ്പിക്കാൻ സിപിഎം-സിപിഐ ധാരണയായതായാണ് സൂച. വൈക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ കോട്ടയം നഗരസഭാ ചെയർപേഴ്സണും കെപിസിസി അംഗവുമായ ഡോ. പി ആർ സോന മത്സരിക്കാനാണ് സാധ്യത. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണ്ണയത്തിൽ വനിതകളുടെ പേരുകൾ പോലും പറഞ്ഞു കേൾക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലായി മൂന്നു മുന്നണികളിലും മത്സരിക്കാനായി സീറ്റ് ലഭിച്ചത് 5 വനിതകൾക്ക് മാത്രമാണ്. കഴിഞ്ഞ തവണ ജില്ലയിൽ എൻഡിഎ 3 സീറ്റുകൾ വനിതകൾക്ക് നൽകിയപ്പോൾ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരു സീറ്റ് വീതമാണ് വനിതകൾക്കായി മാറ്റി വെച്ചത്. ഇത്തവണയും വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം ജില്ലയിൽ കുറയാനാണു സാധ്യത. വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കാതെ സ്ഥാനാർഥി നിർണ്ണയത്തിൽ മുന്നോട്ട് പോകുകയാണ് മൂന്നു മുന്നണികളും. 



കഴിഞ്ഞ തവണ എൻഡിഎ യിൽ പാലാ നിയോജക മണ്ഡലത്തിൽ ഡോ.ജെ പ്രമീളാ ദേവിക്കും വൈക്കം നിയോജക മണ്ഡലത്തിൽ അജിതാ സാബുവിനും കോട്ടയം നിയോജക മണ്ഡലത്തിൽ മിനർവാ മോഹനും സീറ്റ് നൽകി. എൽഡിഎഫിൽ ജില്ലയിലെ ഏക സിപിഐ സ്ഥാനാർത്ഥിയായ സിറ്റിംഗ് എംഎൽഎ ആയ സി കെ ആശയ്ക്കും യുഡിഎഫിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായ ഡോ.പി ആർ സോനയ്ക്കുമാണ് വൈക്കം നിയോജക മണ്ഡലത്തിൽ സീറ്റ് ലഭിച്ചത്. ജില്ലയിൽ വനിതാ മത്‌സരം നടന്നതും വൈക്കം നിയോജക മണ്ഡലത്തിൽ മാത്രമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സി കെ ആശയും യുഡിഎഫ് സ്ഥാനാർത്ഥിയായി ഡോ പി ആർ സോനയും എൻഡിഎ സ്ഥാനാർത്ഥിയായി അജിതാ സാബുവും ആണ് മത്സരിച്ചത്. 2016 ലെ ആദ്യ മത്സരത്തിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷമുയർത്തിയാണ് 2021 ൽ സി കെ ആശ വീണ്ടും വിജയിച്ചത്. 2016 ൽ സി കെ ആശയ്ക്ക് 24584 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ 2021 ൽ വൈക്കം സമ്മാനിച്ചത് 26,242 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സി കെ ആശ അന്ന് സ്വന്തമാക്കിയത്.