കോട്ടയം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സഹകരണ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ സഹകരണ ബാങ്ക് നിക്ഷേപകർ കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഓൾ കേരളാ കോ-ഓപ്പറേറ്റിവ് ഡെപ്പോസിറ്റേഴ്സ് ഫോറം ആണ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഓഫീസ് പടിക്കല നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനമാണ് കളക്ട്രേറ്റിൽ എത്തിയത്. സംസ്ഥാനത്ത് 400 ലധികം സഹകരണ ബാങ്ക്/സംഘങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും നിക്ഷേപകർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പണമോ നിക്ഷേപ തുകയുടെ പലിശയോ പോലും ലഭിക്കുന്നില്ല എന്ന് ഫോറം ചൂടിക്കാട്ടി. സർക്കാരിനെ വിശ്വസിച്ചു പല സ്കീമുകളിലായി നിക്ഷേപിച്ച പണമാണ് ഇപ്പോൾ ലഭിക്കാതിരുന്നത്. ഇതോടെ പലരുടെയും അത്യാവശ്യ ഘട്ടങ്ങളിൽ പണത്തിനായി മറ്റു പല വഴികളും തേടേണ്ട അവസ്ഥയിലാണ് നിക്ഷേപകർ. സെക്യൂരിറ്റി സ്വത്തിന്റെ അമിത മൂല്യനിര്ണയവും ബിനാമി ഇടപാടുകളിലുള്ള ബാങ്ക് വായ്പയുമാണ് സഹകരണ സംഘങ്ങളെ കടക്കെണിയിലാക്കിയിരിക്കുന്നതെന്നു നിക്ഷേപകരുടെ സംഘം പറയുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ പോലും തിരികെ നൽകാൻ സാധിക്കാത്തപ്പോൾ വീണ്ടും പരസ്യങ്ങളും വാഗ്ദാനങ്ങളും നൽകി നിക്ഷേപം സ്വീകരിക്കുന്നത് വഞ്ചനയാണെന്നും ഫോറം പ്രവർത്തകർ പറഞ്ഞു.

