പൊൻകുന്നം: പൊൻകുന്നത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബലൻസ് ഇടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. കൊല്ലം-തേനി ദേശീയ പാതയിൽ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിനു മുൻപിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ്സ് സ്റ്റാൻഡിനു മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും എത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ തന്നെ നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊൻകുന്നത്ത് തുണി വ്യാപാരം നടത്തുകയായിരുന്നു മുരുകദാസ് ശങ്കരപാണ്ഡ്യൻ. പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്തെ സീബ്രാ ക്രോസിംഗിൽ ആണ് അപകടം ഉണ്ടായത്.

