വേനൽ മഴയിൽ തളിർത്ത് മലയോരം, കാർഷിക മേഖലയ്ക്ക് ആശ്വാസം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്നലെ ഏറ്റവും കൂടുതൽ താപനില കോട്ടയത്ത്.


കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയുടെ മലയോര മേഖലയെ കുളിരണിയിച്ചു ഇന്നലെ വൈകിട്ട് പെയ്ത് വേനൽ മഴ. ഉച്ചകഴിഞ്ഞു ആകാശം മേഘാവൃതമായെങ്കിലും വൈകിട്ടോടെയാണ് മലയോര മേഖലയിൽ വേനൽ മഴ എത്തിയത്. ഈ വർഷത്തെ ആദ്യ വേനൽ മഴയാണ് ഇത്.

 

 നവംബർ മാസത്തിനു ശേഷം ജില്ലയുടെ മലയോര മേഖലയിൽ ഒരു ചെറിയ മഴ പോലും ലഭിച്ചിരുന്നില്ല. മഴ ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായ കാർഷിക മേഖലയ്ക്ക് ഇപ്പോൾ ആശ്വാസമായിരിക്കുകയാണ്. കർഷകർക്കും ക്ഷീര കർഷകർക്കും വേനൽ മഴ ആശ്വാസമായി. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത് ആണ്. കോട്ടയത്ത് 36.6 ഡിഗ്രിയും പുനലൂരിൽ 35.2 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തി. പകൽ പുറത്തിറങ്ങാനാവാത്ത വിധം അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇന്നലെ അൾട്രാവയലറ്റ് വികിരണ നിരക്ക് ഏറ്റവും കൂടുതലുണ്ടായിരുന്നത് പത്തനംതിട്ടയിലും ഇടുക്കി ജില്ലയിലുമാണ്.