നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കോൺഗ്രസും-കേരള കോൺഗ്രസും, ഏറ്റുമാനൂരിൽ കോൺഗ്രസ്സും ചങ്ങനാശ്ശേരിയിൽ കേരളാ


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് തലവേദനയായി നിലനിന്നിരുന്ന ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലങ്ങളിലെ സീറ്റുകളുടെ കാര്യത്തിൽ മുന്നണിയിൽ ധാരണയായതായി സൂചന. കേരളാ കോൺഗ്രസ്സിൽ നിന്നും ഏറ്റുമാനൂർ സീറ്റ് യു ഡി എഫ് ഏറ്റെടുക്കും.

 

 ചങ്ങനാശ്ശേരി സീറ്റ് നിലവിൽ കേരളാ കോൺഗ്രസ്സിന് തന്നെ നൽകാനാണ് പാർട്ടി തീരുമാനം. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയുമുൾപ്പടെ കേരളാ കോൺഗ്രസ്സിന്റെ സീറ്റുകൾ ഏറ്റെടുക്കാൻ യു ഡി എഫ് നടപടി സ്വീകരിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മാത്രമല്ല ഏറ്റുമാനൂർ ചങ്ങനാശ്ശേരി സെറ്റ് വിട്ടുനൽകില്ലെന്നും ഏറ്റുമാനൂർ സീറ്റിൽ വിട്ടുവീഴ്ച ചെയ്‌താൽ പകരം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാർ സീറ്റോ നൽകണമെന്നും കേരളാ കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻനിരനേതാക്കളുമായുള്ള ചർച്ചകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ നിലവിൽ കേരളാ കോൺഗ്രസ്സിന്റെ സീറ്റായ ഏറ്റുമാനൂർ യു ഡി എഫിന് വിട്ടുകൊടുക്കാൻ തീരുമാനമായത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി വി എൻ വാസവൻ മത്സരിക്കുമ്പോൾ കൈപ്പത്തി ചിഹ്നത്തിൽ യു ഡി എഫ് സ്ഥാനാർഥി തന്നെ മത്സര രംഗത്തുണ്ടാകണമെന്നാണ് നേതാക്കളുടെ ആവശ്യം. ഏറ്റുമാനൂർ സീറ്റ് നൽകാമെന്നും ചങ്ങനാശ്ശേരി സീറ്റ് നൽകില്ലെന്നും പാർട്ടി ചെയർമാൻ പി ജെ ജോസഫ് നേതൃത്വത്തെ അറിയിച്ചു. ചങ്ങനാശ്ശേരി സീറ്റിൽ കേരളാ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്തിത്വം. ഒപ്പം ചങ്ങനാശ്ശേരി സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകണമെന്ന് ആവശ്യപ്പെട്ടു സഭാ നേതൃത്വവും ശക്തമായ നിലപാട് എടുത്തതായാണ് വിവരം. മുൻപ് പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന ചങ്ങനാശ്ശേരി തിരിച്ചു പിടിക്കാനുള്ള ശക്തമായ പോരാട്ടത്തിനാണ് ഇത്തവണ കേരളാ കോൺഗ്രസ്സ് ചങ്ങനാശ്ശേരിയിൽ കളമൊരുക്കുന്നത്. ഏറ്റുമാനൂർ സീറ്റിനു പകരം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ വേണമെന്ന നിലപാടിൽ നിന്നും ഏറെക്കുറെ പിന്മാറിയിരിക്കുകയാണ് കേരളാ കോൺഗ്രസ്സ്. കാഞ്ഞിരപ്പള്ളി സീറ്റ് ലഭിച്ചാൽ സ്ഥാനാർത്ഥിയായി പി സി തോമസിനെ ആയിരുന്നു പരിഗണിച്ചത്. എന്നാൽ മത്സരിക്കാൻ തോമസ് താല്പര്യം പ്രകടിപ്പിക്കാത്തതോടെ അഡ്വ.ഫിൽസൺ തോമസ്, നാട്ടകം സുരേഷ് എന്നിവരുടെ പേരും കാഞ്ഞിരപ്പള്ളിയിൽ ചർച്ചയാകുന്നുണ്ട്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷിനോ ജി. ഗോപകുമാറിനോ ആണ് സാധ്യത കൂടുതൽ. ഏറ്റുമാനൂരിൽ വി എൻ വാസവനെതിരെ കേരളാ കോൺഗ്രസ്സിന് ജയസാധ്യതയില്ലെന്നും കോൺഗ്രസ്സ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ജയസാധ്യതയുണ്ടെന്നും ആണ് മുന്നണിയുടെ വിലയിരുത്തൽ.