ഏറ്റുമാനൂർ: ഏറ്റുമാനൂരിന് ഉത്സവനാളുകൾ സമ്മാനിച്ച് ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ആചാര അനുഷ്ടാനങ്ങളുടെയും ഭക്തിയുടെയും വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും ദിനങ്ങളാണ് ഇനിയുള്ളത്.

നാടൊരുമിച്ചു ഉത്സവം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. രാവിലെ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മങ്ങൾ നടന്നത്. നൂറുകണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് കർമ്മത്തിനു സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിൽ എത്തിയത്. ഫെബ്രുവരി 25 നു രാത്രി 12 മണിക്കാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 26നു പള്ളിവേട്ട, 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. കൊടിയേറ്റിന് വൈക്കം വിജയലക്ഷ്മിയുടെയും 26ന് എം.ജി.ശ്രീകുമാറിന്റെയും ഗാനമേളകൾ ഉണ്ട്. ഏഴരപ്പൊന്നാന ദിനത്തിൽ സിനിമതാരം നവ്യാ നായരുടെ നൃത്തവുമുണ്ടാകും. ഇന്ന് വൈകിട്ട് 6 മണിക്ക് കാഴ്ച പന്തൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മങ്ങൾ നടക്കും.എട്ടാം ഉത്സവദിനമായ ഏഴരപ്പൊന്നാന ദർശനദിനത്തിൽ പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളമുണ്ട്.

