എരുമേലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾക്കുള്ളിലും പാർട്ടികൾക്കുള്ളിലും മാത്രമല്ല സൗഹൃദ കൂട്ടായ്‍മകളിലും ചെറുസംസാരങ്ങളിലുമുൾപ്പടെ ഇപ്പോഴത്തെ ചർച്ചാ വിഷയം മുന്നണി സ്ഥാനാർത്ഥികളെ സംബന്ധിച്ചാണ്. അടുത്തെത്തിയിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം മുന്നണികൾക്കുള്ളിൽ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല എന്ന് പറയുമ്പോഴും ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെ എന്ന കാര്യത്തിൽ ഏകദേശധാരണയായിട്ടുണ്ട്.

ചില മണ്ഡലങ്ങളിൽ മാത്രമാണ് ഉറച്ച തീരുമാനത്തിനായി കാത്തിരിക്കുന്നത്. സ്ഥാനാർഥി നിർണ്ണയം പൂർത്തിയായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും എല്ലാ മുന്നണികളും ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിൽ ജനങ്ങൾ ഉറ്റുനോക്കുന്ന പാർട്ടികൾക്കുള്ളിലും ചർച്ചാവിഷയമായി മാറിയിരിക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണ മത്സരം കടുത്തേക്കുമെന്നാണ് സൂചന. നിലവിൽ ഇടതുപക്ഷത്തിന്റെ കയ്യിലിരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാതെ ഉറപ്പിച്ചു നിർത്താനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്. കേരളാ കോൺഗ്രസ്സ് എം സാരഥിയായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഇപ്പോൾ പൂഞ്ഞാറിലെ എം എൽ എ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെ മത്സരിക്കുമെന്നാണ് വിവരം. പൂഞ്ഞാർ മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ ഇതുവരെ എൽ ഡി എഫ് പരിഗണിച്ചിട്ടില്ല. കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ കയ്യിലുള്ള സീറ്റാണ് ഇത്. അതേസമയം പൂഞ്ഞാറിൽ മത്സര രംഗത്ത് കോൺഗ്രസ്സിന് അപ്രതീക്ഷിത സ്ഥാനാർഥി എത്തിയേക്കുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം കോൺഗ്രസ്സ് ഏറ്റുമാനൂർ സീറ്റ് കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിൽ നിന്നും ഏറ്റെടുത്താൽ പകരമായി പാർട്ടി ചോദിക്കുന്ന സീറ്റ് പൂഞ്ഞാർ മണ്ഡലമാകും.
അങ്ങനെയെങ്കിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാകും യു ഡി എഫിന് വേണ്ടി പൂഞ്ഞാറിൽ മത്സരിക്കുക. എന്നാൽ പൂഞ്ഞാറിൽ യു ഡി എഫ് സ്ഥാനാർഥി തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെയും ഒരു വിഭാഗം നേതാക്കളുടെയും ആഗ്രഹം. ശക്തനായ സ്ഥാനാർത്ഥിയാണ് യു ഡി എഫിൽ എത്തുന്നതെങ്കിൽ സീറ്റ് ഉറപ്പിക്കാൻ എൽ ഡി എഫ് വലിയ പോരാട്ടം തന്നെ നടത്തേണ്ടി വരും. നിലവിൽ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ബി ജെ പി യുടെ നേട്ടങ്ങൾ പൂഞ്ഞാർ മണ്ഡലത്തിലും ചർച്ചാ വിഷയമാകുന്നുണ്ട്. പ്രവർത്തന മേഖലകൾ പാർട്ടി ശക്തമാക്കിയതോടെ പൂഞ്ഞാറിലും വിജയ സാധ്യത തേടുകയാണ് ബി ജെ പി. പാർട്ടിക്കൊപ്പവും ഒറ്റക്ക് നിന്നും പൂഞ്ഞാറിന്റെ മനസ്സ് കീഴടക്കിയ ജനമുഖനായ നേതാവായിരുന്ന പി സി ജോർജ്ജ് മത്സര രംഗത്തേക്ക് എത്തുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി പി സി ജോർജ്ജിനെ പരിഗണിക്കണമെന്ന് താല്പര്യപ്പെടുന്നവരുണ്ട്. എന്നാൽ പാലായിൽ മകൻ ഷോൺ ജോർജ്ജ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് പൂഞ്ഞാറിൽ പി സി ജോർജ്ജ് മത്സരിച്ചേക്കില്ല എന്നാണു നിലവിലെ വിവരം. എങ്കിലും സാധ്യതകൾ മങ്ങിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 58668 വോട്ടുകൾ നേടിയാണ് സെബാസ്റ്റ്യൻ കുളത്തുനായ് വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളാ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ച പി സി ജോർജ്ജ് 41851 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതിനാൽ തന്നെ പി സി ജോർജ്ജ് മത്സര രംഗത്ത് എത്തിയാൽ യു ഡി എഫിന് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും പേടിപ്പെടുത്തുന്ന മത്സരമാണ് ഉണ്ടായേക്കാവുന്നത്. 34633 വോട്ടുകൾ മാത്രമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടോമി കല്ലാനിയ്ക്ക് നേടാൻ കഴിഞ്ഞത്. 2006,2011,2016 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും വിജയിച്ചത് പി സി ജോർജ്ജ് ആയിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ടു വന്നത് അദ്ദേത്തിന്റെ പ്രവർത്തനങ്ങളുടെയും ജനസമ്മതിയുടെയും തെളിവാണ്. 2006 ൽ 48795 വോട്ടുകൾ നേടിയ പി സി ജോർജ്ജ് 2011 ൽ 59809 വോട്ടുകളും 2016 ൽ 63621 വോട്ടുകളും നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പൂഞ്ഞാറിന്റെ മണ്ണിലും തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല.
ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫ് ഒരുങ്ങുമ്പോൾ നാടിന്റെ നേട്ടങ്ങളും സാധാരണക്കാർക്കൊപ്പം നിന്ന മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് എൽ ഡി എഫ് വോട്ട് ചോദിക്കാൻ എത്തുന്നത്. എന്തായാലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറും പൂഞ്ഞാർ മണ്ഡലവും. പോരാട്ടങ്ങൾക്കൊടുവിൽ മണ്ഡലം നിലനിർത്താനാവുമോ എന്നും പിടിച്ചെടുക്കുമോ എന്നും കാത്തിരുന്നു കാണാം.
Source: India vote, Election pandit



