റോഷിയുടെ പ്രഖ്യാപനം പ്രത്യേക ലക്ഷ്യങ്ങളോടെയോ? നിഷയുടെ സ്ഥാനാർത്ഥിത്വം കേരളാ കോൺഗ്രസ്സ് എമ്മിനെ പിളർപ്പിലേക്ക് നയിക്കുമോ? രണ്ടില രണ്ടാകുമോ?


പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു കേരളാ കോൺഗ്രസ്സ് എമ്മിൽ അസ്വാരസ്യങ്ങൾ പുകയുന്നു. മത്സരിക്കാൻ തലപര്യമില്ലെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി. എന്നാൽ ജോസ് പാലായിൽ തന്നെ മത്സരിക്കണമെന്ന പിടിവാശിയിലാണ് റോഷി അഗസ്റ്റിൻ.

 

 രണ്ടു തവണ പൊതുവേദിയിൽ പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പാർട്ടി ചെയർമാനും മുകളിൽ തീരുമാനമെടുക്കുന്ന റോഷിയുടെ നിലപാട് ശെരിയല്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ ജോസ് പക്ഷം പ്രവർത്തകർക്കുള്ളത്. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ചു പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണിയുടെ വാക്കുകളിൽ പാലായിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം പാലായിൽ നിഷയെ മത്സരിപ്പിക്കാനൊരുങ്ങുന്നത് റോഷിയുടെ പല ഗൂഢനീക്കങ്ങൾക്കും തടയിടാനുള്ള ജോസിന്റെ തീരുമാനമാണെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്. രാജ്യസഭാ എം പി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജോസിന് താല്പര്യമില്ല. സ്ഥാനങ്ങൾ രാജി വെച്ച് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന സംസാരങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ജോസിന്റെ ലക്ഷ്യമാകാം ഇത്. അതേസമയം മുന്നണി മാറ്റത്തിന് ശ്രമിച്ച ജോസ് കെ മാണിയെ അതിശക്തമായി എൽ ഡി എഫ് തടഞ്ഞത് റോഷിയിലൂടെയാണ്. ജോസിന്റെ മുന്നണി മാറ്റ ചർച്ചകൾ എൽ ഡി എഫിനെ കൂടുതൽ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ തനിക്ക് പ്രതികൂലമായി ബാധിക്കുമെന്നും ഇടത് പ്രവർത്തകർ ഉൾപ്പടെ വോട്ട് മാറ്റി കുത്തുമെന്നും ഭയം നിലനിൽക്കുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ ജോസിനെ പരാജയപ്പെടുത്താൻ ഈ ഗൂഢനീക്കങ്ങൾ അണിയറയിൽ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നുള്ളതാണ് വിവരം. ഇതാണ് നിഷയെ പാലായിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നതിന് പ്രധാന ഘടകം. പാലായിൽ വനിതാ സ്ഥാനാർഥി എത്തിയാൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണു പാർട്ടിയുടെ നിലപാട്. അതേസമയം നിഷയുടെ സ്ഥാനാർത്ഥിത്വത്തെ റോഷി പക്ഷം ശക്തമായി എതിർക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ രണ്ടു പക്ഷമായുണ്ടായിരുന്ന തർക്കങ്ങൾ ഇപ്പോൾ നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും കഴിഞ്ഞു സമൂഹമാധ്യമങ്ങളിലേക്കും എത്തിയിരിക്കുകയാണ്. നിഷയുടെ സ്ഥാനാർത്ഥിത്വം കേരളാ കോൺഗ്രസ്സ് എമ്മിനെ പിളർപ്പിലേക്ക് നയിക്കുമോ എന്നാണു ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. യു ഡി എഫിലേക്കുള്ള തിരിച്ചു പോക്കിനുള്ള ജോസിന്റെ പ്രതീക്ഷകൾക്ക് തുരങ്കം വെച്ചത് റോഷിയാണെന്ന സംശയവും പ്രവർത്തകർക്കിടയിലുണ്ട്. സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ ഇതിനു തെളിവ് വെക്കുന്നതാണ്. പാർട്ടി ചെയർമാനും മുകളിൽ തീരുമാനങ്ങളുമായെത്തുന്ന റോഷിയെ ഒതുക്കാനാണ് ജോസ് പക്ഷത്തിന്റെ ലക്‌ഷ്യം. ജോസ് മത്സരിച്ചു തോൽവി സംഭവിച്ചാൽ പാർട്ടിയുടെ കടിഞ്ഞാൺ പൂർണ്ണമായും റോഷിയുടെ കയ്യിലാകുമെന്നും പ്രവർത്തകർ ഭയപ്പെടുന്നു. പാലായിൽ മത്സരിപ്പിച്ചു കാലുവാരിയാൽ ജോസ് സീറോയായി പാർട്ടിയുടെ മൂലയ്ക്ക് ഇരിക്കേണ്ടി വരും. ഇതൊക്കെയാണ് നിഷയെ മത്സരിപ്പിക്കാൻ ജോസ് കെ മാണി ശ്രമിക്കുന്നത്. അതോടൊപ്പം പല തവണയായി പാർട്ടി കടിഞ്ഞാൺ കയ്യിലൊതുക്കാൻ ശ്രമിക്കുന്ന റോഷിയെ പരാജയപ്പെടുത്താനും നീക്കമുണ്ട്. നിഷ വിജയിക്കുകയും ജോസ് രാജ്യസഭാ എം പിയായി തുടരുകയും ചെയ്‌താൽ പാർട്ടിക്കുള്ളിലെ തന്റെ അധികാരം നഷ്ടമാകുമോ എന്ന ഭയവും റോഷിക്കും കൂട്ടർക്കുമുണ്ട്. തെരഞ്ഞെടുപ്പിനെ അഭീമുഖീകരിക്കുന്നതിന് മുന്‍പ് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവ സാന്നിധ്യമാവുകയാണ് നിഷ ജോസ് കെ മാണി. പാലായിലെ നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ റോഷി അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2021-ൽ പാലായിൽ നേരിട്ട തോൽവി ഇത്തവണ ജോസിന് ആവർത്തിച്ചാൽ അത് രാഷ്ട്രീയ ഭാവിയെയും നിലവിലെ രാജ്യസഭാ സ്ഥാനത്തെയും ബാധിച്ചേക്കാം എന്ന ചിന്തയാണ് നിലവിൽ നിഷയെ മത്സരിപ്പിക്കാനായി ജോസ് വിഭാഗത്തിന്റെ തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.