പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടയ്ക്ക് കെട്ടടങ്ങിയ അസ്വാരസ്യങ്ങൾ കേരള കോൺഗ്രസ് എമ്മിൽ വീണ്ടും പുകയുന്നു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളും തർക്കങ്ങളും തുടർന്നുണ്ടായ അസ്വാരസ്യങ്ങളും ഒന്ന് കെട്ടടങ്ങി വന്നപ്പോഴാണ് ഇപ്പോൾ പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വീണ്ടും നേതാക്കളും പ്രവർത്തകരും ഇരുചേരിയിലാകുന്നത്.

പാലാ സീറ്റിൽ കേരളാ കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ ഏകപക്ഷീയമായ നിലപാടാണ് ഇപ്പോൾ പാർട്ടിക്കുള്ളിലും പ്രവർത്തകർക്കിടയിലും വീണ്ടും രണ്ടു ചേരിയുണ്ടായിരിക്കുന്നത്. ഇടതുപക്ഷ മുന്നണിയുടെ വികസന മുന്നേറ്റ ജാഥയിൽ രണ്ടു തവണയാണ് റോഷി ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പാലായിൽ മത്സരിക്കാൻ ജോസ് ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. റോഷിയുടെ പ്രസ്താവനകളെ നിസാരമായി ചിരിച്ചു തള്ളിക്കളയുകയാണ് ജോസ് ചെയ്തത്. സ്ഥാനാർത്ഥിയാരെന്നുള്ളത് പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അതിനു ശേഷം പ്രഖ്യാപിക്കുമെന്നാണ് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞത്. ഈ രണ്ടു പ്രസ്താവനകളിൽ നിന്നും രണ്ടു പേരും രണ്ടു പക്ഷത്താണെന്ന സംശയം ഉറപ്പിക്കുന്നതാണ്. പാലായിൽ നിഷ ജോസിനെ മത്സരിപ്പിക്കാൻ ജോസ് കെ മാണി പക്ഷം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാൻ വൈകുന്നത്. മുന്നണിമാറ്റം സംബന്ധിച്ച് പാർട്ടിക്ക്‌ലിൻഡായ ചർച്ചകൾക്ക് തടസ്സം നിന്നതും മുന്നണിമാറ്റം മുടക്കിയതും റോഷിയാണെന്ന നിലപാടിലാണ് ജോസ് പക്ഷം പ്രവർത്തകർ. രാജ്യസഭാ എം പിയായ ജോസ് കെ മാണി തലസ്ഥാനം തുടരുകയും നിഷ പാലായിൽ മത്സരിച്ചു വിജയിച്ചാൽ തന്റെ പാർട്ടിക്കുളിലെ പവർ നഷ്ട്ടമാകുമെന്ന ചിന്തയിലാണ് റോഷി ജോസിനെ പാലായിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. നേതാക്കൾക്കിടയിൽ രൂപപ്പെട്ട ഭിന്നത ഇപ്പോൾ പ്രവർത്തകർക്കിടയിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്.

