പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഇതിനായി അടുത്ത ദിവസങ്ങളിൽ തന്നെ നോട്ടിസ് നൽകും. ആന്‍റോ ആന്‍റണിക്ക് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തൽ.

കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള എംപിയുടെ ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽകുന്ന ചിത്രത്തിൽ ആന്റോ ആന്റണിയുമുണ്ട്. സോണിയ ഗാന്ധിയുടെ കയ്യിൽ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് എസ്ഐടി ചോദിച്ചറിയാൻ ശ്രമിക്കുന്നത്. നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എം പിയെ ചോദ്യം ചെയ്യും. ആന്‍റോ ആന്‍റണി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ല എന്നും സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല എന്നും ആരോപണമുന്നയിച്ചു തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജു രംഗത്ത് എത്തിയിരുന്നു. പണം വാങ്ങിയിരുന്നതായും അത് തിരികെ നൽകിയെന്നുമാണ് ആന്റോ ആന്റണിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുമ്പറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫിസിലും സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. പ്രതിയുമായി എംപിക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കുകൾ വഴി പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും എസ്ഐടി വിശദമായി പരിശോധിക്കും. ശബരിമല കേസിലെ അന്വേഷണത്തിന് പുറമെ, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ആന്റോ ആന്റണിക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം പ്രമുഖ യുഡിഎഫ് നേതാക്കളിലേക്ക് വ്യാപിക്കുകയാണ്.
