കോട്ടയം സിഎംഎസ് കോളേജിൽ ഇന്ത്യയിലെ ആദ്യത്തെ ഹെൽത്ത് ഹ്യുമാനിറ്റീസ് കേന്ദ്രം ആരംഭിച്ചു.


കോട്ടയം: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ലിബറൽ ആർട്സ് സ്ഥാപനമായ കോട്ടയം സിഎംഎസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ ഹെൽത്ത് ഹ്യുമാനിറ്റീസ് ആരംഭിച്ചു.

 

 ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് ഒരു സുപ്രധാന ഇന്റർ ഡിസിപ്ലിനറി സംരംഭമായി ആരംഭിച്ചിരിക്കുന്ന സെന്റർ ഒരു സുപ്രധാന നാഴികക്കല്ല് ആണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച കോളേജ് എഡ്യൂക്കേഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പുതുതായി രൂപീകരിച്ച സെന്റർ ഫോർ ഹെൽത്ത് ഹ്യുമാനിറ്റീസിന്റെ ഡയറക്ടർ ഡോ.സൂസൻ മാത്യു സ്വാഗത പ്രസംഗം നടത്തി. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ജു ശോശൻ ജോർജ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡോ. ബി. സി. റോയ് ദേശീയ അവാർഡ് ജേതാവും, സിഎംസി വെല്ലൂരിന്റെ മുൻ ഡയറക്ടറും, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കൽ കോളേജ് ഡയറക്ടറുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര മുഖ്യാതിഥിയായിരുന്നു. "രോഗം ഒരു മനുഷ്യാനുഭവമാണ്, ഒരു മെഡിക്കൽ അവസ്ഥ മാത്രമല്ല" എന്ന് മുഖ്യപ്രഭാഷണത്തിൽ ഡോ.ജോർജ് ചാണ്ടി മറ്റീത്ര പരാമർശിച്ചു. മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ പ്രൊഫ.ഡോ.ബിസ്മി ഗോപാലകൃഷ്ണൻ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വർഗീസ് പി പുന്നൂസ് ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ഡോ. ജോജി ജോൺ പണിക്കർ നന്ദി പറഞ്ഞു. ആരോഗ്യ സംരക്ഷണ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിരമിച്ച പ്രൊഫസർമാർ, ഗവേഷണ പണ്ഡിതർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.