ബഡ്‌സ് ജില്ലാ കലോത്സവം ‘തില്ലാന’യ്ക്ക് തിരശീല വീണു; പ്രതിഭകളുടെ നിറവിൽ കുട്ടികളുടെ ആവേശം.


കോട്ടയം: വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിടുന്ന കുഞ്ഞുശലഭങ്ങളുടെ കലാമേളയായ ബഡ്‌സ് ജില്ലാ കലോത്സവം ‘തില്ലാന’ നിറവോടെ സമാപിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം സംഘടിപ്പിച്ച കലോത്സവം കുട്ടികളുടെ പ്രതിഭകളുടെ മാറ്റുരയ്ക്കലായി മാറി.

 

 ജില്ലയിലെ ഏഴ് ബഡ്‌സ് സ്കൂളുകളിൽ നിന്നായി എത്തിയ ഏകദേശം 110 വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ വേദിയിലിറങ്ങി ശ്രദ്ധേയ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന കലോത്സവത്തിലെ കാഴ്ചകളും സംഗീതവും കാണികൾക്ക് ഒരുപോലെ ആസ്വാദ്യമായി. കൈൻഡ് ആൻഡ് കെയർ ബി.ആർ.സി രാമപുരവും പ്രതീക്ഷ ബി.ആർ.സി ഈരാറ്റുപേട്ട സ്കൂളുകളിലെ കുട്ടികളുടെ ബാൻഡ് മേളയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് മൂന്ന് വേദികളിലായി 15 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. ക്രയോൺസ് പെയിന്റിംഗോടെയായിരുന്നു സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കം. നിറങ്ങളിലൂടെ സ്വപ്നങ്ങൾ വരച്ച കുട്ടികൾ കാണികളുടെ ഹൃദയം കീഴടക്കി. ഒപ്പന, സംഘനൃത്തം, മിമിക്രി, ഉപകരണ സംഗീതം, നാടൻപാട്ട്, ലളിതഗാനം, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മികവ് തെളിയിച്ചു. പെൺകുട്ടികളുടെ നാടോടി നൃത്തത്തോടെയാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്. കുട്ടികൾ വേദിയിൽ ചുവടുവെക്കുമ്പോൾ താഴെ സദസ്സിൽ അധ്യാപകരും രക്ഷിതാക്കളും ആവേശത്തോടെ പിന്തുണ നൽകി. ഓരോ പ്രകടനത്തിന്റെയും പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർഥ പരിശ്രമം വ്യക്തമായി പ്രകടമായിരുന്നു. മത്സരഫലങ്ങളിൽ 65 പോയിന്റ് നേടി വെളിയന്നൂർ ബഡ്‌സ് സ്കൂൾ ഒന്നാം സ്ഥാനം നേടി. 62 പോയിന്റോടെ പ്രതീക്ഷ ബി.ആർ.സി ഈരാറ്റുപേട്ട രണ്ടാം സ്ഥാനവും 47 പോയിന്റ് നേടി കൈൻഡ് ആൻഡ് കെയർ രാമപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.