പുതുപ്പള്ളി: "സഹോദരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കില്‍ സന്തോഷം", കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മത്സരിക്കാന്‍ യോഗ്യതയുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ വിജയമാണ് എന്ന് ചാണ്ടി ഉമ്മൻ.

സഹോദരി ഡോ.മറിയ ഉമ്മന്റെ പേര് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു കേൾക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ സഹോദരി മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ അറിവുകളൊന്നുമില്ലെന്നും സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ മത്സരിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കാഞ്ഞിരപ്പള്ളിയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിൽ മറിയ ഉമ്മൻ തന്നെ കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ വിജയ സാധ്യത ഉറപ്പാക്കാനാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഡോ.മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വത്തിനും നേതാക്കന്മാർക്കും ഈ തീരുമാനത്തോട് വിയോജിപ്പുണ്ട്. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം. മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് സ്ഥാനാർഥിത്വ കാര്യങ്ങൾ സംസാരിച്ചതായാണ് ലഭ്യമാകുന്ന വിവരം. അതേസമയം പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു. തന്റെ സാമൂഹ്യപ്രവർത്തനങ്ങളുമായി മുൻപോട്ട് പോകാനാണ് ആഗ്രഹമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ കുടുംബവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. കുടുംബത്തിൽ നിന്നും ഒരാൾ മാത്രമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നായിരുന്നു നാളുകൾക്ക് മുൻപ് മറിയ ഉമ്മന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നത്.

