എരുമേലി ടെർമിനൽ സ്റ്റേഷനാകും, പാലായിൽ വീണ്ടും ഓഫിസ് തുറക്കുന്നു, 27 വർഷത്തെ കാത്തിരിപ്പിന് വിരാമം, ശബരി റെയിൽപാത യാഥാർഥ്യമാകുന്നു.


പാലാ: ശബരിമല തീർത്ഥാടകരുടെ ദീർഘനാളത്തെ ആഗ്രഹമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാനസർക്കാർ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്തോടെ 27 വർഷത്തെ കാത്തിരിപ്പിന് വിരാമം ആകുന്നു. ശബരീപാതയിൽ ഇനി തീവണ്ടിയുടെ ചൂളം വിളിയുടെ ശബ്ദത്തിനായി കാതോർക്കാം.

 

 അങ്കമാലി–എരുമേലി ശബരി പാത യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വീണ്ടും സ്ഥലമേറ്റെടുപ്പ് ഓഫിസ് തുറക്കാൻ നടപടി ആരംഭിച്ചു. നേരത്തെ പ്രവർത്തിച്ചിരുന്ന പാലാ സിവിൽ സ്റ്റേഷനിൽത്തന്നെ ഓഫിസ് സജ്ജമാക്കാനാണ് തീരുമാനം. ഇതിനായി സിവിൽ സ്റ്റേഷനിൽ സ്ഥലസൗകര്യമുണ്ടോ എന്നന്വേഷിച്ച് കലക്ടറേറ്റിൽ നിന്നു കത്തു നൽകിക്കഴിഞ്ഞു. പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കും. പദ്ധതി അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് 2021 മേയ് 31-നായിരുന്നു പാലായിലെ സ്പെഷൽ തഹസിൽദാർ ഓഫിസ് നിർത്തലാക്കിയത്. അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരെ മാതൃ വകുപ്പുകളിലേക്കു തിരിച്ചയച്ചിരുന്നു. ജില്ലയിൽ ഇതുവരെ 6 കിലോമീറ്റർ ദൂരം മാത്രമാണ് കല്ലിട്ടു തിരിച്ചിട്ടുള്ളത്. പാലാ–തൊടുപുഴ റോഡിലെ ഐങ്കൊമ്പിലുള്ള നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് നിലവിൽ കല്ലിട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പിന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്കമാലി–എരുമേലി പാത പൂർത്തിയാകുമ്പോൾ എരുമേലി ഒരു പ്രധാന ടെർമിനൽ സ്റ്റേഷനായി മാറും. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതും ഇവിടെ നിന്നുമാകും. ഭാവിയിൽ ഈ പാത മറ്റു സ്ഥലങ്ങളിലേക്ക് നീട്ടാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള വിപുലമായ സംവിധാനങ്ങളും എരുമേലിയിൽ ഒരുക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ശബരിമല തീർത്ഥാടനത്തിനും, മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കാർഷിക- ടൂറിസം മേഖലകളുടെ വലിയ മുന്നേറ്റത്തിനും ഇടയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന പ്രവർത്തനമാണ്  അങ്കമാലി-എരുമേലി ശബരി റെയിൽവേ പാത. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്. 2021 ജനുവരി 7 ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതി ചെലവിൻ്റെ 50 ശതമാനം കിഫ്ബി ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവിൽ 3,800.9 കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ പകുതി വിഹിതമാണ് സംസ്ഥാന സർക്കാർ വഹിക്കുക. ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2439.93 കോടി രൂപയും ചിലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.

Next
This is the most recent post.
Previous
Older Post