"ജോലി അവസാനിച്ചിട്ടും പൈസയില്ലാതെ നാട്ടിൽ പോകാൻ കഴിയില്ല"-എരുമേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് പ്രതിഫലം നൽകിയില്ല, ക്ഷേത്രത്തിന് മുൻപിൽ കുത്തിയിരുന്നു പ്


എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് എരുമേലിയിലെ ചപ്പും ചവറും ഉൾപ്പടെയുള്ള മാലിന്യങ്ങൾ തൂത്തു വാരി എരുമേലിയെ വൃത്തിയായി സൂക്ഷിച്ച വിശുദ്ധി സേന അംഗങ്ങൾ ഇപ്പോൾ ധർമ്മസങ്കടത്തിലാണ്. ശുചീകരണ തൊഴിലാളികൾക്ക് ഇതുവരെയും അവരുടെ ജോലിയുടെ പ്രതിഫലം നൽകിയില്ല.

 

 ഇതേത്തുടർന്ന് ശുചീകരണ തൊഴിലാളികൾ ക്ഷേത്രത്തിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. 19500 രൂപ വീതം 125 തൊഴിലാളികൾക്കാണ് നൽകാനുള്ളത്. ദേവസ്വം ബോർഡ് ആണ് പണം നൽകേണ്ടത്. ദേവസ്വം ബോർഡ് പത്തനംതിട്ട കളക്ടർക്കും പത്തനംതിട്ട ജില്ലാ കലക്ടർ കോട്ടയം കലക്ട്രേറ്റിലേക്കിലേക്കുമാണ് പണം കൈമാറുന്നത്. ഈ പണം എരുമേലിയിൽ മെഡിക്കൽ ഓഫീസറുടെ പക്കൽ എത്തിയാൽ മാത്രമേ പണം വിതരണം ചെയ്യാൻ സാധിക്കൂ. പണം ലഭിക്കാതെ വന്നതോടെ തമിഴ്‌നാട്ടിൽ നിന്നും എത്തിയ ഇരുനൂറോളം തൊഴിലാളികളാണ് വെട്ടിലായിരിക്കുന്നത്. "ജോലി അവസാനിച്ചിട്ടും പൈസയില്ലാതെ നാട്ടിൽ പോകാൻ കഴിയില്ല, വീട്ടിൽ എത്തുമ്പോൾ മക്കളോട് എന്ത് പറയും"? തൊഴിലാളികൾ ചോദിക്കുന്നു. 30 വർഷത്തിലധികമായി ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നിന്നും എത്തുന്നവരാണ് എരുമേലിയിൽ മാലിന്യങ്ങൾ മാറ്റി ശുദ്ധിയാക്കിയിരുന്നത്. 550 രൂപ വേതനത്തിൽ 35 ദിവസത്തെ തുകയാണ് ഇനി അനുവദിക്കാനുള്ളത്.