പാലാ: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ സിവിൽ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലടക്കം കോടതി വിധിയോടെ പ്രതിസന്ധിയിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചു. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തർക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിരാണ് കേസിലെ എതിര്‍ കക്ഷികള്‍. 2019 ൽ തുടങ്ങിയ നിയമ വ്യവഹാരത്തിനൊടുവിലാണിപ്പോള്‍ സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2263 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് സർക്കാർ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂമി 1910ലെ സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം പണ്ടാരപ്പാട്ട ഭൂമിയാണെന്നായിരുന്നു സർക്കാരിൻ്റെ വാദം. ഹാരിസൺ മലയാളം ലിമിറ്റഡ് ഈ ഭൂമി നിയമവിരുദ്ധമായാണ് കൈമാറിയതെന്നും 1947ന് മുമ്പുള്ള രേഖകൾ പ്രകാരം ഇത് സർക്കാർ വക ഭൂമിയാണെന്നും റവന്യൂ വകുപ്പ് വാദിച്ചിരുന്നു. രാജമാണിക്കം കമ്മിറ്റിയുടെ റിപ്പോർട്ടും ഈ വാദങ്ങളെ ശരിവച്ചിരുന്നു. വിദേശ കമ്പനികളുടെ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് ഈ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കണമെന്നതായിരുന്നു സർക്കാരിൻ്റെ ആവശ്യം. ഹാരിസൺ മലയാളം ലിമിറ്റഡ് 2005ലാണ് ബിഷപ്പ് കെപി യോഹന്നാൻ്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് ഈ ഭൂമി കൈമാറിയത്. ഈ കൈമാറ്റത്തിന് നിയമസാധുതയുണ്ടെന്ന വാദമാണ് കോടതി ഇപ്പോൾ ശരിവച്ചിരിക്കുന്നത്. സർക്കാരിൻ്റെ സിവിൽ ഹർജി 'സ്യൂട്ട് ഡിസ്മിസ്ഡ്' (Suit Dismissed) എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി തള്ളിയത്. ഇതോടെ ഗോസ്പൽ ഫോർ ഏഷ്യയുടെ (അയന ചാരിറ്റബിൾ ട്രസ്റ്റ്) ഉടമസ്ഥാവകാശ വാദങ്ങൾ കോടതി അംഗീകരിച്ചു. എസ്റ്റേറ്റ് ഭൂമി സർക്കാരിൻ്റേതല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഇനി പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ സർക്കാർ ഒന്നുകിൽ ഈ ഭൂമി വില കൊടുത്ത് വാങ്ങേണ്ടി വരും. അല്ലെങ്കിൽ ഉടമസ്ഥരുമായി വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ഏഴ് വർഷത്തോളം നീണ്ട തർക്കങ്ങൾക്കും അഞ്ചു വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലുമാണ് ഇപ്പോൾ സർക്കാരിന് വിപരീതമായ വിധി വന്നിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ശബരിമല വിമാനത്താവളത്തിൻ്റെ നിർമാണ പ്രവർത്തനങ്ങളെ ഈ വിധി സാരമായി ബാധിക്കും. പാലാ കോടതിയുടെ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. അപ്പീൽ നൽകിയാൽ വീണ്ടും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിലേക്ക് കടക്കേണ്ടി വരും.
