ഒൻപത് വർഷത്തെ കാത്തിരിപ്പ്, ഇരുകരതൊട്ട നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ, അവസാന ഗർഡറും നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു.


വൈക്കം: നിർദ്ദിഷ്ട തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേക്കടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട അവസാന ഗർഡറും നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു.

 

 ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ നിർമാണം ഇരുകരതൊട്ടത്. ആകെയുള്ള 800 മീറ്ററിൽ 685 മീറ്റർ നിർമ്മാണം പൂർണ്ണമായും പൂർത്തിയായി കഴിഞ്ഞതായി എം എൽ എ സി.കെ ആശ പറഞ്ഞു. ആകെയുള്ള പ്രവൃത്തിയുടെ 87 ശതമാനം നിർമാണ പുരോഗതി നിലവിൽ പൂർത്തികരിച്ചു കഴിഞ്ഞു. നിർമ്മാണത്തിനാവശ്യമായ 80/80 ഗർഡറുകളെല്ലാം നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ആകെയുള്ള 22 സ്പാനുകളിൽ അവസാന ഗർഡറും നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു. ഇതിൽ 20–ാം സ്പാനിന്റെ മേൽതട്ട് കോൺക്രീറ്റിങ്ങിനുള്ള ജോലികൾ പുരോഗമിക്കുന്നതിനോപ്പം നേരേകടവ് ഭാഗത്തേ 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള  നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഗർഡറുകളുടെ നിർമ്മാണവും സ്ഥാപനവും പൂർത്തിയായ സാഹചര്യത്തിൽ മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണനടപടികൾ ഉടൻ ആരംഭിക്കും എന്നും എം എൽ എ പറഞ്ഞു. പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിൽ പുരോഗമിക്കുകയാണ്. അടുത്ത മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. 11.23 മീറ്റർ വിതിയിലാണ് നേരേ കടവ്-മാക്കേകടവ് പാലം നിർമ്മിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ച് മാസമാണ് പുനരാരംഭിച്ചിത്. പാലം നിർമ്മാണം വർഷങ്ങൾ തടസ്സപ്പെട്ടതിനാൽ എം എൽ എ എന്ന നിലയിൽ നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടർന്ന് 42. 87 കോടി രൂപ അധികമായി അനുവദിച്ചാണ് പാലത്തിൻ്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമായത് എന്നും പ്രതീക്ഷിച്ചതിലും വേഗതയിലാന്ന് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് എന്നും എം എൽ എ പറഞ്ഞു. നേരേകടവ് മുതൽ ഉദയനാപുരം വരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡിന് നിലവിൽ ആവറേജ് 4 മീറ്റർ വീതി മാത്രമാണുള്ളത്. റോഡിൻ്റെ വശങ്ങളിൽ നിന്നും ഭൂമി ഏറ്റെടുത്ത് 11 മീറ്റർ വീതിയിൽ നിലവിലുള്ള കലുങ്കുകൾ പുതുക്കി പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതി സർക്കാരിൻ്റെ സജീവ പരിഗണനയിലാണ്. വരുന്ന ബജറ്റിൽ ഈ പദ്ധതി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തിര തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർ മുമ്പാകെ നിവേദനങ്ങളും വിശദമായ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അടിയന്തിരമായി നിലവിൽ ഉള്ള റോഡിൻ്റെ പരമാവധി വീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ മറ്റു അനുബന്ധ പ്രവർത്തികളടക്കം പൂർത്തീകരിക്കുവാൻ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്നും എം എൽ എ സി.കെ ആശ പറഞ്ഞു.