കോട്ടയം: അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു. പലചരക്ക്-പച്ചക്കറി-മത്സ്യ-മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ്. അരി,തേങ്ങാ, പച്ചക്കറി വില ഓരോ ദിവസവും കൂടി വരികയാണ്. ഇറച്ചി കോഴി വില കിലോയ്ക്ക് 190 രൂപയിൽ എത്തി. മത്സ്യ വിലയും വിഭിന്നമല്ല.

ചെറുമീനുകൾക്കു പോലും 200-300 രൂപയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള വിപണി ഇടപെടലുകളും കാര്യമായുണ്ടാകുന്നില്ല. മുട്ടയുടെ വിലയും കഴിഞ്ഞ ദിവസങ്ങളിലായി കൂടിയതായി വ്യാപാരികൾ പറയുന്നു. ക്രിസ്മസ്-പുതുവർഷത്തോടനുബന്ധിച്ചുണ്ടായ മത്സ്യ-മാംസ വിലക്കയറ്റം അതേപടി തന്നെ നിലനിൽക്കുകയാണ്. വിലവർധിച്ചതോടെ ഹോട്ടൽ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. ഊണിനും നോൺ വെജ് ഭക്ഷണങ്ങൾക്കും വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ല എന്നാണു ഹോട്ടൽ വ്യാപാരികൾ പറയുന്നത്. മട്ട അരിക്ക് ഒരു മാസത്തിനിടെ അഞ്ചു രൂപയുടെ വർധനയാണുണ്ടായത്. തക്കാളി,ക്യാരറ്റ്,പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾക്കും തേങ്ങാ,വെളുത്തുള്ളി,സവാള എന്നിവയ്ക്കും വില ഉയരുകയാണ്. 6.50 മുതൽ എട്ടു രൂപ വരെ കോഴിമുട്ടക്ക് വിലയുണ്ട്. താറാവ് മുട്ടയുടെ വിലയും കൂടുകയാണ്. വില വർധിച്ചതോടെ വ്യാപാരം കുറയാൻ തുടങ്ങിയതായി വ്യാപാരികൾ പറഞ്ഞു.
