എരുമേലി: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഉയരുന്നു.

ശബരിമല ദർശനത്തിനായി കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകർ വെർച്വൽ ക്യു വഴി ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് എരുമേലിയിൽ പോലീസ് പരിശോധിക്കുന്നുണ്ട്. എരുമേലി മുണ്ടക്കയം റോഡിൽ എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപമാണ് ഭക്തരുടെ വെർച്വൽ ക്യു പാസ് പോലീസ് പരിശോധിക്കുന്നത്. അതേസമയം വെർച്വൽ ക്യു ബുക്ക് ചെയ്തിട്ടില്ലാത്ത തീർത്ഥാടകരെ എരുമേലിയിൽ സ്പോട്ട് ബുക്കിങ് കൗണ്ടറിൽ നിന്നും ബുക്ക് ചെയ്ത ശേഷം യാത്ര തുടരാനാണ് പോലീസ് നിർദ്ദേശിക്കുന്നത്. വെർച്വൽ ക്യു, സ്പോട്ട് ബുക്കിങ് എന്നിവ ഇല്ലാത്തവരെ കടന്നു പോകാൻ പോലീസ് അനുവദിക്കില്ല. എരുമേലിയിൽ സ്പോട്ട് ബുക്കിങ് ലഭിക്കാത്ത തീർത്ഥാടകർ പമ്പയിൽ നിന്നും ബുക്കിങ് എടുക്കാം എന്ന് ആലോചിച്ചു കാനന പാതയിലൂടെ എത്തുന്നുണ്ടെങ്കിലും പോലീസ് ഇവരെ തിരിച്ചയക്കുകയാണ്. കരിമല വഴിയുള്ള കാനനപാതയിലൂടെ ഇന്നലെ ഒരു ദിവസം മാത്രം എത്തിയത് 12,080 തീർത്ഥാടകരാണ്.
