കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് 2.57 ഏക്കർ സ്ഥലം: സർക്കാർ ഏറ്റെടുക്കുന്ന നടപടികളുടെ പൂർത്തീകരണവും റവന്യൂ രേഖകളുടെ കൈമാറ്റവും മോൻസ് ജോസഫ് എംഎൽഎ നിർവഹ


കുറവിലങ്ങാട്: കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് വേണ്ടി റവന്യൂ വകുപ്പ് നടത്തിവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പൂർത്തീകരണ പ്രഖ്യാപനവും റവന്യൂ രേഖകളുടെ കൈമാറ്റവും കടപ്ലാമറ്റം ജംഗ്ഷന് സമീപത്തുള്ള നിർദ്ദിഷ്ട ഭൂമിയിൽ വെച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. കടപ്ലാമറ്റം വില്ലേജിൽ കടപ്ലാമറ്റം-മരങ്ങാട്ടുപിള്ളി മെയിൻ റോഡിന് സമീപത്തായി 2.57 ഏക്കർ സ്ഥലമാണ് കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് വേണ്ടി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

 

 2020-ലെ സംസ്ഥാന ബജറ്റിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ പരിശ്രമഫലമായി കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് ഭൂമി ഏറ്റെടുക്കാനുള്ള വികസന പദ്ധതി ഉൾപ്പെടുത്തുകയും ഇതേത്തുടർന്ന് ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് വേണ്ടി സ്വന്തമായി സ്ഥലം വാങ്ങിക്കാൻ കഴിഞ്ഞിട്ടുള്ളത്. കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ ആവശ്യത്തിലേക്ക് 3.88 കോടി രൂപയുടെ സർക്കാർ അനുമതി ബജറ്റിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് തുടർനടപടികൾ ആരംഭിച്ചത്. റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ ലാൻഡ് അക്വിസിഷൻ മീനച്ചിൽ തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 വർഷമായി നടത്തിവരുന്ന സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ കഴിയുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള രേഖകൾ വസ്തു വിട്ടുനൽകിയ കുടുംബങ്ങൾക്ക് മോൻസ് ജോസഫ് എംഎൽഎ ചടങ്ങിൽ വെച്ച് കൈമാറുകയുണ്ടായി. കടപ്ലാമറ്റം ടെക്നിക്കൽ സ്കൂൾ അധികൃതർക്ക് നൽകാനുള്ള മഹസർ രേഖകൾ ജനുവരി 24-ന് ഓൺലൈനിലൂടെ റവന്യൂ അധികൃതർ കൈമാറ്റം നടത്തുകയുണ്ടായി. ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യൂ വകുപ്പ് ഔദ്യോഗികമായി പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർന്നുവരുന്ന കാര്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിനും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും നിവേദനവും നിയമസഭാ സമ്മേളന കാലയളവിൽ നേരിട്ട് സമർപ്പിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. 2026l വരാൻ പോകുന്ന സംസ്ഥാന ബജറ്റിൽ കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂളിന് വേണ്ടി പുതിയ കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രോജക്ട് റിപ്പോർട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ മുൻഗണനാ അടിസ്ഥാനത്തിലുള്ള ബജറ്റ് പ്രൊപ്പോസലായി സമർപ്പിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കടപ്ലാമറ്റത്ത് ഇതുസംബന്ധിച്ച് ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക്, ബ്ലോക്ക് മെമ്പർ ബോണി കുര്യാക്കോസ്, വിവിധ ജനനേതാക്കളായ പി.എം. ജോസഫ്, സി സി മൈക്കിൽ,തോമസ് ആൽബർട്ട്, അൽഫോൻസാ ടിജോ, ഡോൺ സണ്ണി, സക്കറിയാ ജോസഫ്,ജോസ് കൊടിയംപുരയിടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.