കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല. ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത. 26,01,201 പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത്.

ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകി. ഇത്രയധികം പേർ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. ലഭിക്കുന്ന അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പകർപ്പ് രാഷ്ട്രീയ പാർടികൾക്ക് ലഭ്യമാക്കണമെന്നും കത്തിലുണ്ട്. ഫോറം 6, ഫോറം 6 എ, ഫോറം എട്ട് എ എന്നിവപ്രകാരം പല നിയമസഭാ മണ്ഡലങ്ങളിലും ലഭിച്ച അപേക്ഷകളുടെ എണ്ണം അസാധാരണമാണ്. പൊതുവിൽ ഒന്നരലക്ഷം അപേക്ഷയാണ് ഇതര ജില്ലകളിലെങ്കിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ടു ലക്ഷംമുതൽ ആറു ലക്ഷംവരെ അപേക്ഷകളുണ്ട്. ഇത് സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. കണ്ണൂർ ജില്ലയിൽ കണ്ണൂർ, തളിപ്പറമ്പ്, അഴിക്കോട് മണ്ഡലങ്ങളിൽ അപേക്ഷകരുടെ എണ്ണം വളരെയേറെയാണ്. ബിഎൽഒമാരുടെ വെരിഫിക്കേഷനില്ലാതെയാണ് അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കുന്നത്. ബിഎൽഒമാരുടെ പരിശോധനയില്ലാതെ അപേക്ഷ തീർപ്പാക്കരുതെന്നും പരിശോധനയുടെ തീയതി ബിഎൽഒമാരെ അറിയിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്, ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ താമസക്കാരും കേരളത്തിൽ സ്ഥിരതാമസമില്ലാത്തവരും ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളും ഉൾപ്പെടെ ധാരാളംപേരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ടായി. ചില മണ്ഡലങ്ങളിലെ പതിനായിരത്തിലേറെ വോട്ടർമാരെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റിയതായും കാണുന്നുണ്ട്. ഇതും അസാധാരണ നടപടിയാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
