കൊച്ചി: കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട. വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ 5 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമറിൻ്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി 716 ഗ്രാം എം ഡി എം എ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് കുന്നമംഗലം പെരിങ്ങോലം കിയാലത്ത് കാടമ്പാരി വീട്ടിൽ അർജുൻ.വി.നാഥ്(32)നെയാണ് എം ഡി എം എ യുമായി പിടികൂടിയത്. ഡൽഹിയിൽ നിന്നും രാസലഹരി കൊണ്ടുവന്നിരുന്ന ലഹരി മരുന്ന് കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ അർജുൻ. കളമശ്ശേരിയിലെ ഹോട്ടൽ റൂമിൽ നിന്നും 2.20 ഗ്രാം എം ഡി എം എ യും .84 ഗ്രാം കഞ്ചാവുമായി കോട്ടയം ഈരാറ്റുപേട്ട നടക്കൽ പാടി പുരക്കൽ വീട്ടിൽ ഫെബിന( 27), എറണാകുളം വട്ടേക്കുന്നം ചമ്മാലിപ്പറമ്പ് വീട്ടിൽ അനസ്(34) എന്നിവരെ പോലീസ് പിടികൂടി. ഇവർക്ക് രാസലഹരി എത്തിച്ച കണ്ണൂർ പാപ്പിനിശ്ശേരി ചുങ്കം ജാസിഫ്(33), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് മസൂദുൽ ഗോകുൽപുർ ബിശ്വാസ്(37) എന്നിവരെ 3.89 ഗ്രാം എം ഡി എം എ യുമായി കളമശ്ശേരി ഗ്ലാസ് ഫാക്ടറി ക്ക് സമീപത്തു നിന്നും പിടികൂടി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനെല്ലൂർ, കളമശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊച്ചി സിറ്റിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
