ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് പുതിയ സ്ഥാനാര്‍ത്ഥി എത്തിയേക്കും, രണ്ട് ടേം പൂര്‍ത്തിയാക്കിയ സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പ്രത്യേക അ


വൈക്കം: ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥി എത്തിയേക്കും. ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പ്രത്യേക അനുമതി നല്‍കണം. കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില്‍ ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത്.

 

 അതിനാല്‍ തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറിയണം. ഇളവു ലഭിച്ചാല്‍ ആശയ്ക്കു സാധ്യത തെളിയും. ഇല്ലെങ്കില്‍ പുതിയ സ്ഥാനാര്‍ഥിയെ സിപിഐ രംഗത്തിറക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ യുവനേതാവ് പി പ്രദീപിനെ അടക്കമുള്ളവരെയാണ് സി പി ഐ പരിഗണിക്കുന്നത്. കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാനായി വൈക്കത്ത് ഒഴിക്കെ നിലവിലെ എം എല്‍ എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് എല്‍ഡിഎഫിന്റെ തിരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ഏക സി പി ഐ സീറ്റാണ് വൈക്കത്തേത്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയാണ് സി കെ ആശയെ വൈക്കം നിയമസഭയിലേക്കയച്ചത്. സി കെ ആശയ്ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സാരഥിയായി മുൻ കോട്ടയം നഗരസഭാ ചെയർപേഴ്സൺ കൂടിയായ ഡോ. പി ആർ സോന, എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സാരഥി അജിതാ സാബു എന്നിവരാണ് വൈക്കം നിയോജക മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്. 2016 ലെ ആദ്യ മത്സരത്തിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷമുയർത്തിയാണ് 2021 ൽ സി കെ ആശ വീണ്ടും വിജയിച്ചത്. 2016 ൽ സി കെ ആശയ്ക്ക് 24584 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ 2021 ൽ വൈക്കം സമ്മാനിച്ചത് 26,242 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സി കെ ആശ അന്ന് സ്വന്തമാക്കിയത്. മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകതയുമുണ്ടായിരുന്നു വൈക്കത്തിന്.