എരുമേലി: എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് തടസ്സങ്ങൾ പരിഹരിച്ച് നടപ്പിലാക്കുമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും ശബരിമല തീർത്ഥാടനത്തിനും, ടൂറിസം വികസനത്തിനും അടക്കം പലനിലകളിലും നാടിന്റെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുന്ന ഒന്നാണ് നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്.

നിർമ്മാണം പൂർത്തീകരിക്കുമ്പോൾ ഇത് കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായി മാറും. ഇത് സ്ഥാപിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള സ്ഥലമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സർക്കാറിന് പ്രതികൂലമായ വിധിയുണ്ടായതോടെ എയർപോർട്ട് സ്ഥാപിക്കൽ തടസ്സപ്പെടുമെന്നും മറ്റും ആശങ്കകൾ ഉയർന്നിട്ടുണ്ട്. എന്നാൽ അത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. വികസന ആവശ്യത്തിന് ഏത് സ്ഥലവും ഏറ്റെടുക്കാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ച് LARR ACT 2013 പ്രകാരം ഭൂമി ഏറ്റെടുത്ത് മുന്നോട്ടുപോകുന്നതിനാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിൽ ഗവർണർ നടത്തിയ നായ പ്രഖ്യാപന പ്രസംഗത്തിലും എരുമേലി എയർപോർട്ട് 2029 ഓടെ പൂർത്തീകരിച്ച് 2030 ൽ തുറന്നുകൊടുക്കുന്നത് പ്രഖ്യാപനം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
