ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റില്‍.


തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസില്‍ സച്ചിന്‍ വര്‍ഗീസ് എന്ന ഇരുപത്തിയാറുകാരനാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്.

 

 ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പടിഞ്ഞാറേക്കല്ലട നിവാസിയായ വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം നോക്കി എത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി അസ്വസ്ഥയാകുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. പല തവണ ഇയ്യാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്. തുടര്‍ന്ന് ഇവര്‍ ശാസ്താംകോട്ട പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട പൊലീസ് കോട്ടയത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.