എരുമേലി: കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ എരുമേലി കൊരട്ടിയിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി മാസം ആരംഭിക്കും. ഇതിനായി 1.65 കോടി രൂപ ടൂറിസം വകുപ്പ് നേരത്തെ അനുവദിച്ചിരുന്നു.

ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായുള്ള സെന്ററിന്റെ ഭാഗമായി നാലര ഏക്കർ സ്ഥലത്ത് അഞ്ചു കെട്ടിടങ്ങളും 80 മുറികളുള്ള നാല് ടോയ്‌ലറ്റ് കോംപ്ലക്സുകളും നിലവിൽ ഉണ്ട്. കഴിഞ്ഞവർഷം ഒരു കോടി രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റിങ്ങും കിടങ്ങുകളുടെ അറ്റകുറ്റപണികളും നടത്തിയിരുന്നു. അവശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പൂർത്തീകരിക്കുന്നതിനാണ് 1.65 കോടി രൂപ അനുവദിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്സുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുപുറമേ ഓപ്പൺ ബാത്ത് ഏരിയ നവീകരിക്കുകയും ചെയ്യും. കൂടാതെ നാല് ഡോർമറ്ററികളുടെ നവീകരണം, സംരക്ഷണഭിത്തി, അടുക്കള നവീകരണം, മാലിന്യ സംസ്‌കരണ സംവിധാനം, പുതിയ കവാടം, പൂന്തോട്ട നിർമ്മാണം, വൈദ്യുതീകരണം, പ്ലംബിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും നിർവ്വഹിക്കും. ഫോറസ്‌റ്റ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ നൽകിയിരിക്കുന്നത്. ആകെ 10 മുറികളും ആറ് ഡോർമിറ്ററികളും അടുക്കളയോടുകൂടിയ ഹാളും അമിനിറ്റി സെന്ററിലുണ്ട്. 350 പേർക്ക് ഇവിടെ ഒരേസമയം തങ്ങാം. 100 വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.
