ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ അതിഥിതൊഴിലാളികൾ മീനച്ചിലാറ്റിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. ഈരാറ്റുപേട്ട തടവനാൽ പാലത്തിനു സമീപം ഉളള കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ആണ് മീനച്ചിൽ ആറ്റിലേക്ക് ഭക്ഷണ-പേപ്പർ-പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.

നിരവധിപ്പേരാണ് മീനച്ചിലാറ്റിലെ ജലം കുളിക്കാനും തുണി അളക്കാനുമായി ഉപയോഗിക്കുന്നത്. ഒപ്പം നിരവധി കുടിവെള്ള പദ്ധതികളും മീനച്ചിലാറ്റിലുണ്ട്. മാലിന്യനിക്ഷേപം പതിവായതോടെ ഈരാറ്റുപേട്ട സ്വദേശിയായ സിയാദ് ഈരാറ്റുപേട്ട നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിരുന്നു. മീനച്ചിലാറിന്റെ തീരത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം പരാതിയിൽ മറുപടി നൽകിയിരുന്നു. നഗരസഭയുടെ നൈറ്റ് സ്‌ക്വാഡ് സജീവമായി പ്രവർത്തിച്ചു ലംഘനങ്ങൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിയാദിന്റെ പരാതിയിൽ നഗരസഭാ ആരോഗ്യ വിഭാഗം മറുപടി നൽകിയിരുന്നു. എന്നാൽ നടപടികൾ കടലാസ്സിൽ മാത്രം ഒതുങ്ങിയെന്നും ഇപ്പോഴും മീനച്ചിൽ ആറ്റിലേക്ക് അതിഥിതൊഴിലാളികൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ടെന്നും സിയാദ് പറഞ്ഞു.
