അതിരമ്പുഴ പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, ഗതാഗത നിയന്ത്രണം.


അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാന തിരുന്നാൾ ഇന്ന്. വൈകിട്ട് 04:15 നു അതിരമ്പുഴ ഇടവകക്കാരായ വൈദികർ അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം നഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. 07:45 നു വലിയ പള്ളിയിൽ നിന്നുള്ള രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും.

 

 ഇരുപ്രദക്ഷിണങ്ങളും ഒന്ന് ചേർന്ന് ചെറിയ പള്ളി ചുറ്റി വലിയ പള്ളിയിലേക്ക് നീങ്ങും. വലിയ പള്ളിയിലാണ് സമാപന പ്രധാന നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് അതിരംപുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം സി റോഡിലൂടെ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, മെഡിക്കല്‍ കോളേജ് കുരിശുപള്ളി ഭാഗത്ത്നിന്നും ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എം സി റോഡിലൂടെയോ, അമ്മഞ്ചേരി ജംഗ്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് കാരിത്താസ് ജംഗ്ഷനിലെത്തി എം സി റോഡിലൂടെയോ പോകേണ്ടതാണ്. എം സി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകുവാന്‍ പാടില്ല. ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി കോട്ടമുറി ജംഗ്ഷന്‍ വഴി തിരികെ പോകേണ്ടതാണ്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്. മനക്കപ്പാടം ഓവര്‍ബ്രിഡ്ജ് മുതല്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ വരെയുള്ള റോഡ്‌ സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും 3 മണി മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളുമായി ബന്ധപ്പെട്ട് പള്ളിയോട് ചേർന്നുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ ജനുവരി 24, 25 തീയതികളിൽ(23 രാത്രി 11 മുതൽ 25 രാത്രി 11 വരെ) മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു.