ചങ്ങനാശ്ശേരി: എസ്എൻഡിപി യോഗം വിശാല കൗൺസിൽ പച്ചക്കൊടി കാട്ടിയതോടെ എൻഎസ്എസ്-എസ്എൻഡിപി ഐക്യ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച പെരുന്നയിലെത്തും. ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് ലഭ്യമാകുന്ന വിവരം.

ഇപ്പോൾ തിരുവനന്തപുരത്തായിരിക്കുന്ന തുഷാർ വെള്ളാപ്പള്ളി നാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും പെരുന്നയിൽ എത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുക. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങളെ സുകുമാരൻ നായർ തുഷാറിന്റെ സന്ദർശനം സംബന്ധിച്ചുള്ള വിവരം അറിയിച്ചിട്ടുണ്ട്. മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ് ഐക്യത്തോട് യോജിപ്പാണ് എന്നാണു അറിയാൻ സാധിക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യം യാഥാർഥ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചങ്ങനാശ്ശേരി പെരുന്നയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രസ്‌താവന നടത്തിയിരുന്നു. സതീശനും വെള്ളാപ്പള്ളിയും കൂടെയുള്ള പ്രശ്‌നമാണെന്ന് ഒന്നും പറഞ്ഞ് ആരും ആളാവേണ്ട, എസ്എൻഡിപിയും എൻഎസ്എസ് നേതൃത്വങ്ങളും പ്രാഥമിക ചർച്ച നടത്തിയ ശേഷം എൻഎസ്എസ് നേതൃയോഗം വിളിച്ചു ചേർക്കും. അവിടെ ചർച്ചയ്ക്കുശേഷം അനുമതിയോടെ അടുത്ത നടപടികളിലേക്ക് കടക്കും. ഐക്യ ചർച്ചകൾക്ക് വരുന്ന തുഷാറിനെ സമുദായ നേതാവായാണ് കാണുന്നത്. എൻഎസ്എസിൻ്റെ നിലപാടുകൾ സമുദായത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളാണ് അത് വിട്ട് ഒരു തീരുമാനങ്ങളുമില്ല. സമദൂരം എന്ന ആശയം സമുദായത്തിൻ്റെ നിലപാടാണ്. എൻഎസ്എസ്, എസ്എൻഡിപി ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്നും സുകുമാരൻ നായർ പറഞ്ഞു. ഐക്യമെന്നത് ഉറപ്പാണെന്നും, എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും നേതാക്കൾ പറഞ്ഞു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി അറിയിച്ചതിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
