കൊച്ചി: മുന്നണി മാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി. ഫോര്‍ട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്‍റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്.

ഇതൊരു സ്വകാര്യ സന്ദർശനമാണ്, ഞാൻ എല്ലാ സമുദായ നേതാക്കളെയും ഞാൻ കാണാറുണ്ട്, ഒരു പ്രശ്നവുമില്ലല്ലോ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മാണി ഗ്രൂപ്പിനെ യുഡിഎഫിലെത്തിക്കാനുളള നീക്കങ്ങള്‍ക്ക് ക്രൈസ്തവ സഭകളാണ് മുന്‍കൈയെടുക്കുന്നതെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. പാർട്ടിക്കുള്ളിലെ നീക്കങ്ങൾ കാരണം മുന്നണി മാറ്റം സാധ്യമല്ലെന്ന തീരുമാനങ്ങളും മറ്റു കാര്യങ്ങളും ധരിപ്പിക്കാനാണ് ഈ കൂടിക്കാഴ്‍യെന്നു കരുതുന്നുണ്ട്. ലത്തീൻ സഭാ കൊച്ചി രൂപതാ ബിഷപ്പുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. സിറോ മലബാര്‍ സഭ നേതൃത്വത്തെയും ജോസ് കെ മാണി കാണുമെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടൻ പുറത്തു വിടുമെന്ന് ജോസ് കെ മാണി പറഞ്ഞതായാണ് വിവരം. ലത്തീന്‍സഭയ്ക്കും സര്‍ക്കാരിനും ഇടയിലെ അനുരഞ്ജനം കൂടി ലക്ഷ്യമിട്ട് ആണ് ഇന്നത്തെ ജോസ് കെ മാണിയുടെ കൂടിക്കാഴ്ച. ലത്തീൻ സഭ കഴിഞ്ഞ കുറച്ചു നാളുകളുടെ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്.
