ചങ്ങനാശ്ശേരി: നടൻ കൃഷ്ണപ്രസാദും ബിജെപി കൗൺസിലറായ സഹോദരനും മർദിച്ചതായി അയൽവാസിയായ ഡോക്ടറുടെ പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി.ശ്രീകുമാർ (67) ആണ് ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തായി ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിർമിക്കുന്ന സ്ഥലത്താണ് സംഭവം. ഇവിടെയുണ്ടായ തർക്കത്തെ തുടർന്നാണ് നടൻ കൃഷ്ണപ്രസാദും ബിജെപി കൗൺസിലറായ സഹോദരനും മർദിച്ചതായി ഡോക്ടർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൃഷ്ണപ്രസാദിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍ ചങ്ങനാശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ ആണ്. വീട് നിര്‍മാണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ല് കെട്ടിയപ്പോള്‍ കൃഷ്ണകുമാര്‍ തടയുകയും കല്ലു കെട്ടിയാല്‍ പൊളിച്ചു നീക്കും എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് ഡോക്ടറും സ്ഥലത്തെത്തി. മലിനജലം ഒഴുകിപ്പോകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കം ഉണ്ടായപ്പോള്‍ ഡോക്ടര്‍ ശ്രീകുമാര്‍ അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതായി കൃഷ്ണപ്രസാദ് ആരോപിച്ചു. വീഡിയോ പകര്‍ത്തുന്നത് എന്തിനാണെന്ന് ചോദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും ഡോക്ടര്‍ ആരോപിക്കുന്നത് പോലെ മര്‍ദനം നടന്നിട്ടില്ലെന്നുമാണ് കൃഷ്ണപ്രസാദ് പറയുന്നത്. സ്ഥലത്തിനു സമീപത്തു കൂടി മലിനജലം ഒഴുകുന്ന ഓട നികത്താനുള്ള ഡോക്ടറുടെ ശ്രമമാണ് ചോദ്യം ചെയ്തതെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്നുമാണ് കൃഷ്ണകുമാര്‍ ആരോപിക്കുന്നത്. വില്ലേജ് ഓഫീസറും കൃഷ്ണപ്രസാദിനൊപ്പം ഉണ്ടായിരുന്നു. മലിനജലം ഒഴുകുന്ന ഓട നികത്തുന്നതില്‍ സ്ഥലത്തെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് ഡോക്ടര്‍ക്ക് എതിരെ പരാതിയുണ്ട്. വയല്‍ നികത്തിയാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കൃഷ്ണപ്രസാദ് ആരോപിച്ചു. മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച ഡോക്ടര്‍ ശ്രീകുമാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
