നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല, എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം പ്രായോ​ഗികമല്ല; ഐക്യത്തിൽ നിന്ന് പിന്മാറി എൻ എസ് എസ്.


ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

 

 ഇതോടെ എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം പൊളിഞ്ഞിരിക്കുകയാണ്. മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എൻ.ഡി.പി.യോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് എൻ.എസ്.എസ്. ആഗ്രഹിക്കുന്നത്. എൻ.എസ്.എസ്സിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാൻ ആവില്ല എന്നും വാർത്താ കുറിപ്പിൽ പറയുന്നു. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും 'സമദൂരം' എന്ന സംഘടനയുടെ പാരമ്പര്യ നയം കര്‍ശനമായി തുടരാനും യോഗം നിശ്ചയിച്ചു. എസ്.എന്‍.ഡി.പി നേതൃത്വം കൈക്കൊള്ളുന്ന ചില രാഷ്ട്രീയ നിലപാടുകളോടും മുന്നണി ബന്ധങ്ങളോടും എന്‍.എസ്.എസ് നേതൃത്വത്തിന് യോജിക്കാനാവില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമുദായത്തിന്റെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയ നിരപേക്ഷമായ നിലപാടാണ് ഉചിതമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി.