സ്വപ്നം സഫലം! മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണാനായതിന്റെ സന്തോഷം പങ്കുവച്ച് നവീന്‍ നന്ദഗോവിന്ദം.


കോട്ടയം: മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നന്ദഗോവിന്ദം ഭജന്‍സിലെ മുഖ്യഗായകനും സഹസ്ഥാപകനും കോട്ടയം നട്ടാശ്ശേരി സ്വദേശിയുമായ നവീൻ മോഹൻ. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ഇൻസ്റാഗ്രാമിലൂടെ 'സ്വപ്ന സാക്ഷാത്കാരം, മമ്മൂക്കയോടൊപ്പമുള്ള നിമിഷങ്ങൾ' എന്ന വിവരണത്തോടെ ചിത്രങ്ങൾ നവീൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 2000-ല്‍ കോട്ടയം നട്ടാശേരി വേമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ രൂപംകൊണ്ട കർക്കടക ഭജന സംഘമാണ് പിന്നീട് നന്ദഗോവിന്ദം ഭജൻസ് ആയി വളർന്നത്. 2001 മുതൽ ശ്രീദുർഗ ഭജനസമിതി എന്ന പേരിലാണ് ഇവർ പ്രവർത്തിച്ചത്. 2004 മുതലാണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേരിലേക് ഇവർ മാറിയത്. ഇതിനോടകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമാഗാനങ്ങളും സോപാന സംഗീതവും വരെ ഉള്‍പ്പെടുത്തി ഭജൻസിനെ ജനകീയമാക്കുകയാണ് നന്ദ​ഗോവിന്ദം ഭജൻസ്. ‘മനോഹരീ രാധേ രാധേ’ എന്ന സൂപ്പർഹിറ്റ് സിനിമാ​ഗാനത്തിലൂടെയാണ് നന്ദഗോവിന്ദം ഭജന്‍സ് ജനപ്രിയമായത്. ആസ്വാദകഹൃദയങ്ങളെ ആനന്ദ ലഹരിയിൽ ആറാടിക്കുന്ന നന്ദഗോവിന്ദം ഭ‍ജന്‍സിന്റെ ഗാനങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തവയാണ്. 25 വർഷമായി പ്രവർത്തിക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലോക്ക് ഡൗൺ കാലയളവിലാണ് സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുന്നത്. സാമ്പ്രദായിക ഭജൻ അവതരണ രീതിയിൽ നിന്ന് മാറ്റിപ്പിടിച്ചപ്പോൾ വമ്പൻ മ്യൂസിക് ബാൻഡുകളുള്ള ഈ നാട്ടിൽ നന്ദ ഗോവിന്ദം ഭജൻസ് ടീമിൻ്റെ ശബ്ദം വേറിട്ടു നിന്നു. കേരളത്തിലും യുഎഇയിലും കാനഡയിലും നന്ദഗോവിന്ദം ഭജൻസിന് ആസ്ഥാനം ഉണ്ട്. ഇവരുടെ വളർച്ചയിൽ സോഷ്യൽ മീഡിയ വഹിച്ച പങ്ക് ചെറുതല്ല.