കോട്ടയം: ശബരിമലയിൽ നടന്നതായി ആരോപിക്കുന്ന കൊള്ളയ്‌ക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

ബിജെപി ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും വിശ്വാസ സംരക്ഷണം പാർട്ടിയുടെ മുഖ്യനിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കിഴിൽ ഉള്ള പോലീസ് സംവിധാനത്തിൽ വരുന്ന എസ് ഐ ടി അന്വേഷണം കൊണ്ട് ഇ കൊള്ളയിൽ ഉൾപ്പെട്ട എല്ലാപേരുകളും പുറത്തുവരില്ല എന്നും സിബിഐ അന്വേഷണം ആണ് ആവശ്യം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയ പ്രചരണം നടത്തുന്ന മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് എൽഡിഎഫും യുഡിഎഫും സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സത്യങ്ങൾ തുറന്ന് പറഞ്ഞാൽ അത് വർഗീയതയായി ചിത്രീകരിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത്സരിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ബിജെപി മുന്നോട്ട് വെക്കുന്നത് വികസനവും വിശ്വാസസംരക്ഷണവും ആണെന്നും ഈ നിലപാടിൽ നിന്ന് വിട്ടുവീഴ്ചയ്ക്കു പാർട്ടി തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽ കൃഷ്ണ, എസ്. രതീഷ്, എൻ.കെ. ശശികുമാർ, മദ്ധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
