കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണ് ഒഡീഷാ സ്വദേശിക്ക് പരുക്കേറ്റ സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ് എന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ഇത് വെറുമൊരു അപകടം അല്ല, മറിച്ച് അധികൃതരുടെ കുറ്റകരമായ അനാസ്ഥയുടെ തുടർച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണോ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്? ആരുടെ തണലിലാണ് ഈ അനാസ്ഥ? മാസങ്ങൾക്കു മുൻപ് പഴകിയ കെട്ടിടത്തിന്റെ ഭാഗം വീണ് ഒരു വീട്ടമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് നാം മറന്നിട്ടില്ല. അന്ന് അപകടം നടന്ന കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. ഇതേ കെട്ടിടത്തിൽ രോഗികൾ ചികിത്സയ്ക്കായി കിടക്കുന്നുണ്ട് അതുകൊണ്ടുതന്നെ ആശങ്ക നിലനിൽക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ നിത്യസംഭവമായി മാറുകയാണ്. കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ആരോഗ്യവകുപ്പിന്റെ നടപടി ആരെ സംരക്ഷിക്കാനാണ് എന്നും നാട്ടകം സുരേഷ് ചോദിച്ചു.ദേവസ്വം മന്ത്രിയും സ്ഥലം എംഎൽഎയുമായ വി.എൻ. വാസവനും ആരോഗ്യ മന്ത്രി വീണ ജോർജിനും ഈ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകാൻ കഴിയില്ല. ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചാരുന്ന പതിവ് രീതി ഇനി നടപ്പില്ല. പരിക്കേറ്റ തൊഴിലാളിക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ സൗജന്യമായി ഉറപ്പാക്കണം. തുടർച്ചയായുണ്ടാകുന്ന ഈ അപകടങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം പ്രഖ്യാപിക്കണം. ആറോളം ജില്ലകളിലെ പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ഈ സ്ഥാപനത്തെ മരണക്കെണിയാക്കി മാറ്റരുത്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അത് മറന്ന് സാങ്കേതിക നൂലാമാലകൾ പാടി ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

