കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി. മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ്‌കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത.

കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക്‌സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 28 വരെ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസിന് വൈക്കം റോഡിൽ സ്റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസിനും കുറവിലങ്ങാട് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നും റെയിൽവേ അധികൃതർ അറിയിച്ചു. മൂന്നുനോമ്പ് തിരുനാളിന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് മേനാച്ചേരി കൊടിയേറ്റി. പ്രദക്ഷിണങ്ങൾ ഇന്ന് വൈകിട്ട് 8.15ന് ജൂബിലി കപ്പേളയിൽ സംഗമിക്കും. പ്രദക്ഷിണത്തിനു മുന്നിൽ തീവെട്ടികൾ ഉണ്ടായിരിക്കും. പ്രദക്ഷിണത്തിന് തീവെട്ടികൾ ഉപയോഗിക്കുന്ന അപൂർവം ദേവാലയങ്ങളിൽ ഒന്നാണ് കുറവിലങ്ങാട് പള്ളി. ആയിരക്കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുക്കും. തിരുനാളിനോട് അനുബന്ധിച്ച് വിവിധ മതസ്ഥരായ ആയിരക്കണക്കിന് ആളുകളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തുന്നത്. നൂറ്റാണ്ടൂകൾക്കുകൾക്കു മുൻപ് കന്നുകാലികളെ മേയിച്ചു നടന്ന് കാട്ടിലകപ്പെട്ട ഇടയബാലകർക്ക് പരിശുദ്ധ കന്യാമറിയം മുത്തിയമ്മയുടെ രൂപത്തിൽ ഇവിടെ വച്ച് ദർശനം നൽകുകയും ദാഹ ജലത്തിനായി നീരുറവ കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. മൂന്ന് നോമ്പ്, എട്ട് നോമ്പ്, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ എന്നിവയാണ് ഇവിടുത്തെ പ്രധാന തിരുന്നാളുകൾ . ഇതിൽ തന്നെ മൂന്നു നോയമ്പ് തിരുനാൾ ആണ് ഏറ്റവും പ്രസിദ്ധവും, ആഘോഷ പൂർവ്വം കൊണ്ടാടുന്നതും. അമ്പതു നോയമ്പിനു പതിനെട്ടു ദിവസം മുന്നോടിയായാണ് മൂന്ന് നോയമ്പ് തിരുന്നാൾ കൊണ്ടാടുന്നതു. മൂന്ന് നോയമ്പ് തിരുനാളിലെ രണ്ടാം ദിവസത്തെ കപ്പൽ പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്.
