ആർപ്പൂക്കര: മധ്യകേരളത്തിലെ ആദ്യത്തെ ജനകീയ ചുണ്ടൻ വള്ളത്തിന്റെ മലർത്തൽ കർമ്മം ആർപ്പൂക്കരയിൽ നടന്നു. ആർപ്പൂക്കരയിലെ നാനൂറിലധികം കുടുംബങ്ങൾ കൈകോർത്തുകൊണ്ട് നാട്ടുകാർ തന്നെ നിർമ്മാണച്ചെലവ് വഹിക്കുന്ന ഈ സംരംഭം കേരളത്തിന്റെ സഹകരണ ബോധത്തിന് മികച്ചൊരു ഉദാഹരണമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ജലകായിക സംസ്കാരത്തിന് പുതിയൊരു കരുത്തായി മാറുന്ന ഈ ജനകീയ ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കര ചുണ്ടൻവള്ള സമിതി (എവിഎസ്) ഉപദേശകസമിതി അംഗം ബൈജു മാതിരമ്പുഴ അധ്യക്ഷനായി. എവിഎസ് ഡയറക്ടർ ഫാ. ഡോ. ജയിംസ് മുല്ലശേരിയും പി.എസ്.ശ്രീജിത്തും ചടങ്ങുകൾക്കു നേതൃത്വം വഹിച്ചു. ചുണ്ടൻവള്ളം നിർമാണ വിദഗ്ധൻ സാബു നാരായണൻ ആശാരിയുടെ നേതൃത്വത്തിലുള്ള തച്ചന്മാരാണ് നിർമാണം നടത്തിയത്. 128 അടി നീളവും 85 തുഴച്ചിൽക്കാർ, 5 അമരക്കാർ, 7 താളക്കാർ ഉൾപ്പെടെ 97 പേർ ആണ് ചുണ്ടന്റെ അംഗബലം.
