ഈരാറ്റുപേട്ട: പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്.

ഇടുക്കി ജില്ലയില്‍ കൂടെ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ സാന്നിധ്യം എല്ലാ ജില്ലകളിലുമായത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ പേട്ട ജംഗ്ഷനില്‍ സൊസൈറ്റി പടിയിലാണ് ഇടുക്കിയിലെ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്യപ്പന്‍ കോവില്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ പ്രഭ പ്രകാശ് എന്ന സംരംഭകയാണ് ഈ പ്രീമിയം റെസ്റ്റോറന്റിന്റെ ചുക്കാൻ പിടിക്കുന്നത്. 2500ലേറെ ചതുരശ്രയടിയിലുള്ള റെസ്‌റ്റോറന്റില്‍ 20 പേര്‍ 2 ഷിഫ്റ്റിലായും ജോലി ചെയ്യുന്നു. സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടി, തൃശൂരിലെ ഗുരുവായൂര്‍, കോട്ടയം കുറവിലങ്ങാട്, കോഴിക്കോട് കൊയിലാണ്ടി, കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന്‍, മലപ്പുറം കോട്ടയ്ക്കല്‍, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം, കണ്ണൂര്‍ ഇരിട്ടി, കൊല്ലം ചവറ, പത്തനംതിട്ട പന്തളം, ആലപ്പുഴ കല്ലിശ്ശേരി എന്നിവിടങ്ങളിലാണ് നിലവില്‍ പ്രീമിയം റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
