ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്; കോട്ടയം ജില്ലാതല മത്സരത്തിന് 40 ടീമുകൾ.


കോട്ടയം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾ വിഭാഗത്തിൽ കോട്ടയം ജില്ലാതല മത്സരത്തിന് 40 ടീമുകൾ  യോഗ്യത നേടി. ഇന്നലെ നടന്ന വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ വിജയികളായ ടീമുകളാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കുക.

 

 ഒരോ ടീമിലും രണ്ടു പേർ വീതമാണുള്ളത്. സ്‌കൂൾതല മത്സരത്തിലെ വിജയികളാണ് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം, എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ തലയോലറപ്പമ്പ്, സെന്റ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം പാലാ, എസ്.ഡി സ്‌കൂൾ ഹാൾ കാഞ്ഞിരപ്പള്ളി എന്നിവയായിരുന്നു മത്സര വേദികൾ. കോട്ടയം -123, കടുത്തുരുത്തി-73, പാലാ- 71, കാഞ്ഞിരപ്പള്ളി - 108  എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ചുലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും  ലഭിക്കും.  പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തി പത്രവും മെമൻന്റോയും  നൽകും. ഫെബ്രുവരി മൂന്നാം വാരമാണ് ഗ്രാൻഡ് ഫിനാലെ.