കോട്ടയം ജില്ലയിൽ കെഎസ്ആർടിസി സർവീസുകളുടെ വരുമാനം ഉയരുന്നു, ആനവണ്ടി ഓടി നേടിയത് കോടികളുടെ റെക്കോർഡ് വരുമാനം.


കോട്ടയം: കോട്ടയം ജില്ലയിൽ കെഎസ്ആർടിസി സർവ്വീസുകൾ കൂടുതൽ ജനപ്രിയമാകുന്നു. ദീഘദൂര സർവ്വീസുകളുൾപ്പടെ കൂടുതലായി യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു തുടങ്ങിയതോടെ വരുമാനം റെക്കോർഡ് നേട്ടത്തിൽ. കോട്ടയം ജില്ലയിൽ ഇതോടെ ആനവണ്ടി ഓടി നേടിയത് കോടികളുടെ റെക്കോർഡ് വരുമാനം. കോട്ടയം, ചങ്ങനാശേരി, വൈക്കം, എരുമേലി, പൊൻകുന്നം, പാലാ, ഇ‍ൗരാറ്റുപേട്ട എന്നീ ഡിപ്പോകളിൽ റെക്കോഡ്‌ വരുമാനമാണ് ലഭിച്ചത്. ഇ‍ൗ മണ്ഡല കാലത്ത്‌ കോട്ടയം ഡിപ്പോയിൽ 3,61,01,324 രൂപയാണ്‌ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ 54,55,510 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്‌ച മാത്രം 32,53,841 രൂപയുടെ വരുമാനമുണ്ടായി. അന്ന് മാത്രം ലക്ഷ്യമിട്ടിരുന്നത് 25 ലക്ഷം രൂപയായിരുന്നു. എന്നാൽ അതിൽ കൂടുതൽ ഓടി നേടാൻ കെഎസ്ആർടിസിക്ക് സാധിച്ചു. പമ്പ സർവീസ്‌ കൂടാതെ 18,86,565 രൂപയുടെ വരുമാനമുണ്ടായി. ഡിപ്പോയിൽനിന്ന്‌ 70 സർവീസുണ്ട്‌. ശബരിമലക്കായി പ്രത്യേകം 50 ബസുകളുമെത്തിയിട്ടുണ്ട്‌. ഡിപ്പോയിലും റെയിൽവേ സ്‌റ്റേഷനുകളിലുമായി 24 മണിക്കൂറും ശബരിമലയ്ക്ക് കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. ദിവസവും വൈകിട്ട്‌ 5.30ന്‌ ബംഗളൂരുവിലേക്ക്‌ പോകുന്ന എസി സീറ്ററും സ്ലീപ്പറുമുള്ള ബസിന്‌ ശരാശരി ഒരു ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നു. വൈക്കത്ത്‌ 3,04,79,270 രൂപയാണ്‌ മണ്ഡലകാലത്തെ വരുമാനം. കഴിഞ്ഞവർഷം 2,87,41,888 രൂപയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച 9,45,208 രൂപ വരുമാനമുണ്ടായി. തിങ്കളാഴ്ച മാത്രം എരുമേലി ഡിപ്പോയില്‍ 14 ലക്ഷത്തിന് മുകളിലും പൊന്‍കുന്നം ഡിപ്പോയില്‍ എട്ട് ലക്ഷത്തിനു മുകളിലും വരുമാനം ലഭിച്ചു. ചങ്ങനാശേരിയിൽ മണ്ഡലകാലത്ത്‌ 55,92,341 രൂപയുടെ വരുമാനമുണ്ട്‌. പാലായിൽ കഴിഞ്ഞ തിങ്കളാഴ്‌ച 18,58,006 രൂപ വരുമാനം ലഭിച്ചു. ഈരാറ്റുപേട്ടയിൽ 7,50,846 രൂപ വരുമാനമുണ്ടായി.