എരുമേലി: മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ഇനി ആഘോഷ ദിനങ്ങൾ. സർവ്വമതസ്ഥരും ഒന്നായി ആഘോഷിക്കുന്ന എരുമേലിയുടെ ചന്ദനക്കുടം മഹോത്സവം ശനിയാഴ്ച രാത്രി നടക്കും. പിറ്റേന്നു ഞായറഴ്ച ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലിയിൽ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും.

ഞായറാഴ്ചയായതിനാൽ ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത്. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് എത്തിച്ചേരുന്ന അമ്പലപ്പുഴ പേട്ടസംഘവും മഹല്ലാ മുസ്ലീം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനത്തിനു ശേഷം ആണ് ചന്ദനക്കുടം മഹോത്സവം ആരംഭിക്കുന്നത്. മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ നാടൊരുമിക്കുന്ന ആഘോഷമാണ് ചന്ദനക്കുടം മഹോത്സവം. നിറച്ചാർത്തുകളാലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലാണ് എരുമേലി നൈനാർ ജുമാ മസ്ജിദ്. വാദ്യമേളങ്ങളുടെയും നൃത്ത-നൃത്ത്യ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ചന്ദനക്കുടം ആഘോഷിക്കുന്നത്. പുതുവർഷത്തിൽ എരുമേലി കാത്തിരിക്കുന്ന ഒരുമയുടെ വലിയ ആഘോഷമാണ് ചന്ദനക്കുടവും പേട്ടതുള്ളലും. വൈകിട്ടോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ പുലർച്ചെ മാത്രമാണ് സമാപിക്കുക. വൈകിട്ട് 6 മണിക്ക് പള്ളി അങ്കണത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. നഗരം ചുറ്റിയുള്ള വർണ്ണാഭമായ ചന്ദനക്കുടം ഘോഷയാത്ര മന്ത്രി വി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 11 മണിയോടെ ആകാശത്ത് കൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ അമ്പലപ്പുഴ സംഘം ഭക്തിസാന്ദ്രമായ പേട്ടതുള്ളൽ ആരംഭിക്കും. വാവരുപള്ളിയിലെ സ്വീകരണത്തിന് ശേഷം വാവരുടെ പ്രതിനിധിക്കൊപ്പം സംഘം വലിയമ്പലത്തിലേക്ക് നീങ്ങും. ഉച്ചയ്ക്ക് 3 മണിയോടെ ആകാശത്ത് വെള്ളിനക്ഷത്രത്തെ ദർശിക്കുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കലാരൂപങ്ങളും അകമ്പടിയേകും. ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകും. വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട്ട് സംഘം പള്ളിയിൽ കയറാതെ വലിയമ്പലത്തിലേക്ക് പോകുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. നിലവിലുള്ള 500 പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 300 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി എരുമേലി നഗരത്തിൽ വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് എരുമേലിയിലെ സുരക്ഷയും നിയന്ത്രണങ്ങളും നടപ്പാക്കുക.
