കോട്ടയം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു 15 ദിവസത്തിനുള്ളിൽ കോട്ടയം ജില്ലയിൽ ലഭിച്ചത് 35,702 അപേക്ഷകൾ.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. കോട്ടയം ജില്ലയിൽ ലഭിച്ച അപേക്ഷകളിൽ 31,270 അപേക്ഷകളും ഓൺലൈനിൽ സമർപ്പിച്ചവയാണ്. ഡിസംബർ 22 മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായവരായിരിക്കണം. മഞ്ഞ (അന്ത്യോദയ അന്നയോജന), പിങ്ക് (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകൾ ഉള്ളവർക്ക് അപേക്ഷിക്കാം. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, മറ്റ് സർവീസ്/കുടുംബ പെൻഷനുകൾ എന്നിവ കൈപ്പറ്റുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ (സ്ഥിരം/കരാർ) ജോലി ചെയ്യുന്നവരും അപേക്ഷിക്കാൻ അർഹരല്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാർട്ട് വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/ പാസ്പോർട്ട്/ മെഡിക്കൽ സർട്ടിഫിക്കറ്റ്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (IFSC കോഡ് സഹിതം), ആധാർ കാർഡ് എന്നിവയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
