ശബരിമല: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹമാണ്. ദർശനത്തിനായി ഭക്തജനങ്ങളുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് തീർത്ഥാടകർക്ക് ദർശനത്തിനു അവസരം ഒരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകീട്ട് ഏഴ് മണി വരെ 72,080 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. ചൊവ്വാഴ്ച 1,07,967 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് സന്നിധാനത്ത് പ്രതിദിനം ദർശനത്തിന് എത്തുന്നത്. തിരക്ക് വർധിക്കുന്നതോടെ തീർത്ഥാടകരെ പോലീസ് പമ്പയിൽ തടയുന്നുണ്ട്. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. മകരവിളക്കുദിനമായ 14നു 35,000 പേർക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 13നു വെർച്വൽ ക്യൂ വഴിയുള്ള 35,000 പേർ ഉൾപ്പെടെ 40000 തീർഥാടകരെയും പ്രവേശിപ്പിക്കും.
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു, വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും.
