കോട്ടയം: കോട്ടയം നഗരത്തിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസം മറന്ന് ഏവരും ഒരുമിക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

കോട്ടയം നഗരസഭയുടെ പുതിയ കൗൺസിൽ അംഗങ്ങൾക്ക് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. പ്രായഭേദമെന്യേ ഏവർക്കും പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന വെൽനസ് സെന്ററുകൾ നഗത്തിൽ ഉണ്ടാവണം. ഫ്ലാറ്റുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും ഏകാന്തതയിൽ കഴിയുന്നവർക്ക് ആശ്വാസമേകുവാനും ജനപ്രതിനിധികൾക്ക് കഴിയണമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം സ്വാഗതം ആശംസിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മുഖ്യസന്ദേശം നൽകി. കോട്ടയം നഗരസഭ കൗൺസിലിന് കോട്ടയം ആസ്ഥാനമായ മലങ്കരസഭ നൽകിയ ആദരവിന് നഗരസഭ ചെയർമാൻ എം.പി സന്തോഷ്കുമാർ, പ്രതിപക്ഷ അംഗങ്ങളായ ജോജി കുറത്തിയാടൻ, ടി.എൻ ഹരികുമാർ എന്നിവർ നന്ദി രേഖപ്പെടുത്തി. ദേവലോകം അരമന അസി.മാനേജർ ഫാ.ഗീവർഗീസ് ജോൺസൺ, കോട്ടയം പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
